തിരുവനന്തപുരം > മന്ത്രിസഭായോഗത്തിൽ നടക്കാത്ത ചർച്ചയുടെ പേരിലും വ്യാജവാർത്ത ചമച്ച് മാധ്യമങ്ങളുടെ തട്ടിപ്പ്. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി വച്ച നിർദേശം മന്ത്രിമാർ തള്ളിയെന്ന വ്യാജവാർത്തയാണ് ദൃശ്യമാധ്യമങ്ങൾ തിങ്കളാഴ്ച ഉച്ചമുതൽ ബ്രേക്കിങ് ന്യൂസ് ആക്കി ചർച്ച സംഘടിപ്പിച്ചത്. വാർത്ത വ്യാജമാണെന്നും ഇങ്ങനെ ഒരു ചർച്ച നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും മന്ത്രിമാരും വ്യക്തമാക്കിയിട്ടും മാധ്യമങ്ങൾ നുണക്കഥ തുടർന്നു.
ആഴ്ചയിൽ അഞ്ചുദിവസം തലസ്ഥാനത്തുണ്ടായിരിക്കണമെന്ന് മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി നിർദേശം നൽകിയെന്നായിരുന്നു ആദ്യ ബ്രേക്കിങ്. പൊടിപ്പും തൊങ്ങലും ചേർത്ത് അവതരിപ്പിച്ച ഈ വാർത്ത നിമിഷങ്ങൾക്കകം പുതിയ രൂപത്തിലാക്കി. മുഖ്യമന്ത്രിയുടെ നിർദേശം മന്ത്രിമാർ തള്ളിയെന്നും ആഴ്ചയിൽ അഞ്ചുദിവസം തലസ്ഥാനത്ത് തങ്ങുകയെന്നത് അപ്രായോഗികമാണെന്ന് അറിയിച്ചെന്നുമായി വാർത്ത. പ്രത്യേക കേന്ദ്രത്തിൽനിന്ന് രൂപപ്പെടുത്തിയെടുത്ത വ്യാജസൃഷ്ടി ചാനലുകൾ ഒരേപോലെ കോപ്പിയടിച്ചു.
വാർത്ത സംപ്രേഷണംചെയ്ത ഉടനെ ഒരു ചാനൽ പ്രതികരണം ആരാഞ്ഞപ്പോൾ മന്ത്രി വി എസ് സുനിൽകുമാർ വാർത്ത തെറ്റാണെന്ന് അറിയിച്ചു. എന്നിട്ടും നുണ തുടർന്നു. ഇത്തരം വ്യാജവാർത്തകൾ എന്തിനാണ് സൃഷ്ടിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സുനിൽകുമാർ 'ദേശാഭിമാനി'യോട് പറഞ്ഞു. ഇത്തരം ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും സുനിൽകുമാർ വ്യക്തമാക്കി.
ചാനൽ വാർത്ത കണ്ട് പ്രതികരണമാരാഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് കൃത്യമായ മറുപടിയാണ് മാധ്യമപ്രവർത്തകർക്ക് ലഭിച്ചത്. എന്നിട്ടും മെനഞ്ഞെടുത്ത കഥ പിൻവലിക്കാനോ ചർച്ച അവസാനിപ്പിക്കാനോ തയ്യാറായില്ല. വെള്ളിയാഴ്ച ചേരാനിരുന്ന മന്ത്രിസഭായോഗം തിങ്കളാഴ്ചത്തേക്ക് മാറ്റിയതിന്റെ തുടർച്ചയായാണ് ഈ കഥകളെല്ലാം സൃഷ്ടിച്ചത്. കഴിഞ്ഞ ബുധനാഴ്ച മന്ത്രിസഭായോഗം ചേർന്നിരുന്നു. കാലാവധി കഴിയുന്ന ഓർഡിനൻസുകൾ പുതുക്കാനുള്ളതുകൊണ്ട് വെള്ളിയാഴ്ച വീണ്ടും യോഗം ചേരാൻ തീരുമാനിച്ചു. എന്നാൽ, അതിന് മുമ്പുതന്നെ വിവിധ പരിപാടികൾ തീരുമാനിച്ചതിനാൽ എല്ലാ മന്ത്രിമാർക്കും എത്താൻപറ്റാത്ത സ്ഥിതി വന്നു. അങ്ങനെ യോഗം തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച യോഗം ചേർന്ന് ഓർഡിനൻസുകൾ പുതുക്കാൻ തീരുമാനിച്ചു. ഇതിനെയാണ് ക്വാറം തികയാത്തതിനാൽ മന്ത്രിസഭായോഗം മാറ്റിയെന്ന് വെള്ളിയാഴ്ച വാർത്തയാക്കിയത്. അത് പൊളിഞ്ഞപ്പോഴാണ് തിങ്കളാഴ്ചത്തെ പുതിയ കഥ.
ആഴ്ചയിൽ അഞ്ചുദിവസം മന്ത്രിമാർ തലസ്ഥാനത്തുണ്ടാകണമെന്നത് എൽഡിഎഫ് തീരുമാനമാണ്. ചില അവസരങ്ങളിൽ മുൻകൂർ അനുമതിയോടെ മന്ത്രിമാർ വിട്ടുനിൽക്കാറുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും മാധ്യമങ്ങൾ പുകമറ സൃഷ്ടിക്കുകയാണ്്. മാധ്യമങ്ങൾ നൽകുന്ന നുണവാർത്തകൾ അവഗണിക്കുന്നത് അവസരമാക്കിയാണ് തുടരെത്തുടരെ നുണ മെനയുന്നത്.