
കണ്ണൂർ > സമഭാവനയുടെ മഴവിൽ വർണങ്ങൾ വാരിപ്പുതച്ച് സഹകരണ ഘോഷയാത്ര. കേരളത്തിന്റെ സാമൂഹ്യജീവിതത്തെ മാറ്റിമറിച്ച സഹകരണമേഖലയുടെ വികാസവും വൈപുല്യവും ജനപക്ഷ സമീപനവും അടയാളപ്പെടുത്തിയ ഘോഷയാത്രയിൽ ലക്ഷം പേരാണ് അണിനിരന്നത്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും സാമൂഹ്യസുരക്ഷയിലും സഹകരണമേഖല സൃഷ്ടിച്ച വിപ്ലവാത്മകമായ മുന്നേറ്റത്തിന്റെ നാൾവഴിചരിത്രമാണ് സഹകരണ കോൺഗ്രസിന്റെ സമാപനംകുറിച്ച് കണ്ണൂരിൽ നടന്ന ഘോഷയാത്ര വിളംബരംചെയ്തത്.
കേരളത്തിലെ സഹകരണ രംഗം ലോകമെമ്പാടുമുള്ള സഹകരണ മേഖലക്ക് വഴികാട്ടുമെന്നതിന്റെ പ്രഖ്യാപനവും മുഴങ്ങിക്കേട്ടു. വട്ടിപ്പലിശക്കാരന്റെ ചൂഷണത്തിൽനിന്നുള്ള മോചനത്തിനപ്പുറം കേരളജനതയുടെ സാമ്പത്തിക ഭദ്രതയുടെ നാഡീഞരമ്പുകളായി വർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളോടുള്ള നാടിന്റെ സ്‌നേഹവായ്പിന്റെ പ്രതിഫലനമായിരുന്നു അഭൂതപൂർവമായ പങ്കാളിത്തം. സംശയത്തിന്റെ നിഴലിൽ നിർത്തിയും നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചും സഹകരണമേഖലയെ ദുർബലപ്പെടുത്താനുള്ള കേന്ദ്ര നീക്കങ്ങൾക്കെതിരായ ജനതയുടെ പടയണികൂടിയായി ഘോഷയാത്ര മാറി.
ഉത്തരമലബാറിലെ സഹകാരികളും ജീവനക്കാരും കുടുംബാംഗങ്ങളും സഹകരണ മേഖലയിലെ സ്ഥാപനങ്ങളിലെ വിദ്യാർഥികളും കുടുംബാംഗങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. 'സമഭാവനയാണ് സഹകരണം' എന്ന സന്ദേശമായിരുന്നു സഹകരണ ഘോഷയാത്ര വിളംബരംചെയ്തത്. അറുപതോളം നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും ഘോഷയാത്രക്ക് മിഴിവേകി. നോട്ടുനിരോധനവും കേന്ദ്രസർക്കാരിന്റെ ദുഷ്ടലാക്കോടെയുള്ള നിയന്ത്രണങ്ങളും ദുർബലമാക്കിയ സഹകരണമേഖലയുടെ അതിജീവനവും നിശ്ചലദൃശ്യങ്ങൾ ചിത്രീകരിച്ചു. സഹകരണമേഖലയുടെ വൈപുല്യവും ദൗത്യവുമാണ് അനേകം നിശ്ചലദൃശ്യങ്ങൾ വൈവിധ്യങ്ങളോടെ ദൃശ്യവൽക്കരിച്ചത്. മിക്ക സഹകരണ സ്ഥാപനങ്ങളും പ്രത്യേകം യൂണിഫോമുകളിലാണ് ഘോഷയാത്രയിൽ അണിനിരന്നത്. സഹകരണ പതാകയുടെ ഏഴു വർണങ്ങളുള്ള കുടകൾ ചൂടിയാണ് കണ്ണൂർ ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരും സഹകാരികളും അണിനിരന്നത്.
കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂൾ പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര സമ്മേളന നഗരിയായ കലക്ടറേറ്റ് മൈതാനിയിൽ എത്താൻ മൂന്നു മണിക്കൂറിലേറെ വേണ്ടിവന്നു. കലാരൂപങ്ങൾ, ശിങ്കാരിമേളം, നാസിക് ബാന്റ് തുടങ്ങിയവ ഘോഷയാത്രക്ക് ചന്തം പകർന്നു. സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. പി കെ ശ്രീമതി എംപി അധ്യക്ഷയായി. പി കരുണാകരൻ എംപി മുഖ്യാതിഥിയായി. കെ കെ രാഗേഷ് എംപി, സഹകരണ രജിസ്ട്രാർ ഡോ. സജിത് ബാബു എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ കൺവീനർ കോലിയക്കോട് കൃഷ്ണൻ നായർ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ സി ഗിരീഷ് നന്ദിയും പറഞ്ഞു.