അരീക്കോട് (മലപ്പുറം) > അന്താരാഷ്ട്ര വിപണിയിൽ അഞ്ചു കോടിയിലധികം വിലവരുന്ന മയക്കുമരുന്നുമായി അഞ്ചംഗസംഘം അരീക്കോട് മൈത്ര പാലം പരിസരത്ത്് പൊലീസ് പിടിയിലായി. എംഡിഎ (മെഥലിൻ ഡയോക്സി ആംഫെത്തമിൻ) എന്ന പേരിൽ അറിയപ്പെടുന്ന 750 ഗ്രാം മയക്കുമരുന്ന് ചില്ലറ വിൽപ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് മലപ്പുറം പന്നിക്കോട്ടെ മജീദ് (50), ഇടുക്കി സ്വദേശി പയസ് മാത്യു (50), കൊടൈക്കനാൽ സ്വദേശി റഫീഖ് രാജ (33), തൃശിനാപ്പള്ളിയിലെ വിക്ടർ ജഗൻ (26), ഡിണ്ടിഗൽ സ്വദേശി ഗുണശേഖരൻ (46) എന്നിവർ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
2016 ഡിസംബറിൽ മുംബൈയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന എംഡിഎ യുമായി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെ പിടികൂടിയിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷകസംഘം നടത്തിയ അന്വേഷണത്തിലാണ് ചെന്നൈ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയയെക്കുറിച്ച് വിവരം ലഭിച്ചത്. ചെന്നൈ, ബംഗളൂരു, ഗോവ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലേക്ക് തൂത്തുക്കുടി തുറമുഖംവഴി വൻതോതിൽ മയക്കുമരുന്ന് എത്തുന്നുണ്ടെന്ന വിവരം ലഭിച്ചു.
പ്രതികൾക്ക് പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിർമിക്കുന്ന മയക്കുമാരുന്ന് ശ്രീലങ്കവഴി തൂത്തുക്കുടി തുറമുഖത്തെത്തിക്കുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മെട്രോപൊളിറ്റൻ സിറ്റികൾ, ഡാൻസ് ബാർ, പ്രൊഫഷണൽ കോളേജുകൾ എന്നിവിടങ്ങളിൽ ഏജന്റുമാരെ നിയമിച്ചാണ് വിതരണം.
പന്നിക്കോട് സ്വദേശി മജീദ് മുഖേന മയക്കുമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന വിവരം ഞായറാഴ്ച ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റക്ക് ലഭിച്ചിരുന്നു.
തുടർന്ന്, ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നിർദേശപ്രകാരം മഞ്ചേരി സിഐ എൻ ബി ഷൈജു, അരീക്കോട് എസ്ഐ സിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.