പെൺകുട്ടികൾക്ക് മാനസിക‐ശാരീരിക പീഡനം ; പൊന്നുരുന്നി ക്രൈസ്റ്റ് കിങ് അനാഥമന്ദിരം അടച്ചുപൂട്ടും

Tuesday Feb 13, 2018
വെബ് ഡെസ്‌ക്‌


കൊച്ചി > അധികൃതരുടെ പീഡനങ്ങളെത്തുടർന്ന് രാത്രി പെൺകുട്ടികൾക്ക് തെരുവിലിറങ്ങേണ്ടി വന്ന പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവന്റിലെ അനാഥമന്ദിരം അടച്ചുപൂട്ടും. മാർച്ചിൽ പരീക്ഷ തീരുന്നതോടെ വിദ്യാർഥികളെ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി കോൺവന്റ് അധികൃതരോട്് നിർദേശിച്ചു. തിങ്കളാഴ്ച 17 കുട്ടികളിൽനിന്ന് മൊഴിയെടുത്തു. കുട്ടികളുടെ പരാതിയെത്തുടർന്ന് കടവന്ത്ര പൊലീസ് കേസെടുത്ത് സിസ്റ്റർ അംബികയെ ചുമതലകളിൽനിന്ന് ഒഴിവാക്കി.

വെള്ളിയാഴ്ച രാത്രി പത്തിനാണ് കോൺവന്റ് അധികൃതരുടെ മാനസിക‐ശാരീരിക പീഡനം സഹിക്കാനാകാതെ 20 കുട്ടികൾ റോഡിലിറങ്ങിയത്. കേസിൽ അംബിക, ബിൻസി എന്നീ കന്യാസ്ത്രീകളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ആവശ്യമായ രേഖകളില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് സിഡബ്യുസി നടത്തിയ പരിശോധനയിൽ കണ്ടെത്തി. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള ലൈസൻസ് മന്ദിരത്തിനുണ്ടായിരുന്നില്ല. വരുന്ന അധ്യയന വർഷം ഇവിടെ കുട്ടികളെ താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് കമ്മിറ്റി ചെയർപേഴ്സൺ പത്മജ നായർ പറഞ്ഞു.

അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന നിർധന കുടുംബങ്ങളിലെ 24 പെൺകുട്ടികളാണ് കോൺവന്റിലുള്ളത്. സമയത്തിന് ഭക്ഷണം നൽകാറില്ലെന്നും ദേഹോപദ്രവവും ചീത്തവിളിയും പതിവാണെന്നും 'പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു. പരാതിപ്പെട്ടാൽ ഭക്ഷണം നിഷേധിക്കും. കുടുംബാംഗങ്ങളെയും അപമാനിക്കുംവിധമായിരുന്നു അധികൃതരുടെ അധിക്ഷേപം. പഠനനിലവാരത്തെക്കുറിച്ചും അപമാനിക്കാറുണ്ടെന്ന് കുട്ടികൾ പറഞ്ഞു.  ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പിലാണ് കേസെടുത്തിട്ടുള്ളത്. മാർച്ച് വരെ കുട്ടികൾ തങ്ങുന്ന കോൺവന്റിൽ സിഡബ്ല്യുസി എല്ലാ ആഴ്ചയിലും സ്ഥിതി വിലയിരുത്തും. കേസിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും കടവന്ത്ര എസ്ഐ എസ് വിജയ്ശങ്കർ പറഞ്ഞു.

Tags :
ശാരീരിക പീഡനം പൊന്നുരുന്നി ക്രൈസ്റ്റ് കിങ് അനാഥമന്ദിരം