
തിരുവനന്തപുരം > തദ്ദേശസ്ഥാപനങ്ങൾവഴിയും വിവിധ ഏജൻസികൾവഴിയും നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളുടെ ഏകോപനമാണ് ജില്ലാപദ്ധതികളുടെ പ്രധാനനേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാപദ്ധതിയുടെ നിർദേശം പാലിച്ചാകണം തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ തയ്യാറാക്കേണ്ടത്. വികസനപ്രവർത്തനങ്ങൾക്ക് ഏകോപനസംവിധാനമില്ലെന്ന പരാതിയാണ് ജില്ലാപദ്ധതിയോടെ പരിഗണിക്കപ്പെടുന്നത്. മികച്ച പദ്ധതികൾക്കായി പുതിയ ബജറ്റിൽ ഉൾപ്പെടുത്തിയ 40 കോടി രൂപ തുടർവർഷങ്ങളിൽ വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാവികസന സമിതികൾ തയ്യാറാക്കിയ ജില്ലാ പദ്ധതികളുടെ അവതരണം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആസൂത്രണനടപടികൾ ലളിതമാക്കണം. പദ്ധതിനിർവഹണം സാമ്പത്തികവർഷത്തിന്റെ അവസാനം നടപ്പാക്കുന്ന രീതി ഒഴിവാക്കുകയും വേണം. ഇക്കാര്യത്തിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. മിക്ക തദ്ദേശ സ്ഥാപനങ്ങളും പദ്ധതികൾ ജില്ലാ ആസൂത്രണ സമിതികൾക്ക് സമർപ്പിച്ച് അംഗീകാരം വാങ്ങിക്കഴിഞ്ഞു. ഏപ്രിൽ ഒന്നോടെ നിർവഹണം ആരംഭിക്കും. ഇതോടൊപ്പം സർക്കാർ വലിയ പ്രാധാന്യം നൽകിയതാണ് ജില്ലാപദ്ധതികൾക്ക്. നേരത്തെ ഇതിനുള്ള ശ്രമം തുടങ്ങിയിരുന്നെങ്കിലും പുരോഗതിയുണ്ടായിരുന്നില്ല. ആ പ്രശ്നം ഇപ്പോൾ പരിഹരിച്ചു. 14 ജില്ലയിലും കരട് പദ്ധതി തയ്യാറായി.
കലക്ടർമാർ അവതരിപ്പിക്കുന്ന ജില്ലാപദ്ധതി കരടിന് സംസ്ഥാന വികസന കൗൺസിൽ യോഗത്തിൽ വരുന്ന നിർദേശങ്ങൾകൂടി പരിഗണിച്ച് അന്തിമരൂപം നൽകും. സർക്കാരിന്റെ വികസന നയം മുന്നിൽക്കണ്ടാകണം ജില്ലാപദ്ധതികൾ തയ്യാറാക്കേണ്ടത്. നവകേരള മിഷൻ പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകണം. തദ്ദേശസ്ഥാപനങ്ങളുടെ സംയുക്തപദ്ധതികളും വേണം. കേന്ദ്ര‐സംസ്ഥാന ഏജൻസികളുടെയും എംപി, എംഎൽഎ എന്നിവരുടെയും പദ്ധതികൾ ഏകോപിപ്പിച്ച് വലിയ വികസനപരിപാടികൾ ഏറ്റെടുക്കണം. പ്ലാൻ ഫണ്ട് ചെറിയ പദ്ധതികൾക്ക് മാറ്റിവയ്ക്കുന്നതിനാൽ വലിയ പദ്ധതികൾക്ക് പണമില്ലെന്ന പരാതി ഇതോടെ പരിഹരിക്കാനാകും. ജില്ലാപദ്ധതികൾക്ക് വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.