ബി.ജെ.പി-പി.ഡി.പി അവസരവാദ കൂട്ടുകെട്ടിന് നല്‍കേണ്ടി വരുന്നത് സൈനികരുടെ രക്തം- രാഹുല്‍ ഗാന്ധി

RAHJikashmeir011

ന്യൂഡല്‍ഹി•ജമ്മു-കാശ്മീരിലെ ബി.ജെ.പി-പി.ഡി.പി അവസരവാദ സഖ്യത്തിന് വിലയായി നമ്മുടെ സൈനികര്‍ സ്വന്തം രക്തം നല്‍കേണ്ടി വരികയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജമ്മുകാശ്മീരിലെ സുരക്ഷാ സ്ഥിതിയെക്കുറിച്ച് നിർണായകമായ നയം സ്വീകരിക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലാണ് രാഹുലിന്റെ പരാമര്‍ശം.

പി.ഡി.പി പറയുന്നു പാകിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്ന്. ബി.ജെ.പി പ്രതിരോധ മന്ത്രി പറയുന്നു ഇതിന് പാകിസ്താൻ വില നല്‍കേണ്ടി വരുമെന്ന്. ബി.ജെ.പി-പി.ഡി.പി അവസരവാദ സഖ്യവും നിലവിലില്ലാത്ത കാശ്മീര്‍ നയത്തിനും നമ്മുടെ സൈനികര്‍ അവരുടെ രക്തം കൊണ്ട് വില നല്‍കേണ്ടിവരികയാണ്. എന്ത് ചെയ്യണമെന്നറിയാതെ മോദിജിയും-രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം, ശ്രീനഗറില്‍ സി.ആര്‍.പി.എഫ് ക്യംപിന് നേരെ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കാശ്മീര്‍ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ പാകിസ്ഥാനുമായി ചര്‍ച്ച അത്യാവശ്യമാണെന്നും മുഫ്തി ട്വീറ്റ് ചെയ്തു.

“എനിക്കറിയാം ഇന്ന് രാത്രി വാര്‍ത്താ അവതാരകര്‍ എന്നെ രാജ്യദ്രോഹിയായി മുദ്രകുത്തും. പക്ഷേ, അതെനിക്ക് വിഷയമല്ല. ജമ്മു കാശ്മീരിലെ ജനങ്ങളാണ് അനുഭവിക്കുന്നത്. നമുക്ക് ചര്‍ച്ച ചെയ്യാം, കാരണം യുദ്ധം ഒരു പരിഹാരമല്ല”-മുഫ്തി പറഞ്ഞു.

ഇതേദിവസം, തന്നെയാണ് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, നുഴഞ്ഞുകയറ്റത്തിന് സഹായിക്കാന്‍ പാക്കിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് പറഞ്ഞത്.

കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ട് വ്യതസ്ത സംഭവങ്ങളിലായി ഏഴ് ഇന്ത്യന്‍ സൈനികരാണ് സംസ്ഥാനത്ത് രക്തസാക്ഷികളായത്.