
സതാംപ്ടൺ > പ്രീമിയർ ലീഗിൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഭീഷണിയായി ലിവർപൂൾ രണ്ടാം സ്ഥാനത്തേക്ക്. സതാംപ്ടണെ മടക്കമില്ലാത്ത രണ്ടു ഗോളിന് കീഴ്പ്പെടുത്തിയ ലിവൾപൂൾ യുണൈറ്റഡുമായുള്ള വ്യത്യാസം രണ്ടു പോയിന്റാക്കി. യുണൈറ്റഡിന് 56ഉം ലിവർപൂളിന് 54ഉം പോയിന്റ്. യുണൈറ്റഡ് ന്യൂകാസിലിനോട് തോറ്റതാണ് വ്യത്യാസം കുറയാൻ കാരണം.
റോബർട്ട് ഫിർമിനോയും മുഹമ്മദ് സലായും ലിവർപൂളിന്റെ ഗോളുകൾ നേടി. കളി അഞ്ചുമിനിറ്റായപ്പോൾതന്നെ ലിവർപൂൾ മുന്നിലെത്തി. മുഹമ്മദ് സലാ തെളിച്ചുകൊണ്ടുവന്ന പ്രത്യാക്രമണത്തിൽനിന്ന് ഫിർമിനോയാണ് ലിവർപൂളിനെ മുന്നിലെത്തിച്ചത്. ബ്രസീലുകാരനായ ഫിർമിനോ ഈ സീസണിൽ നേടുന്ന 20‐ാമത്തെ ഗോളാണിത്.
ഈ ഗോൾ സതാംപ്ടണെ ഉണർത്തി. തുടരെ രണ്ട് അവസരങ്ങൾ അവർ ലിവർപൂൾ ഗോൾമുഖത്തുണ്ടാക്കി. രണ്ട് അടിയും ലിവർപൂൾ ഗോളി ലോറിസ് കാരിയസ് തടഞ്ഞു. ഇടവേളയ്ക്ക് പിരിയുംമുമ്പെ ലിവർപൂളിന്റെ രണ്ടാം ഗോളും വന്നു. ഫിർമിനോയുമായി കൈമാറി കൊണ്ടുവന്ന പന്ത് സലാ വലയിലേക്ക് തിരിച്ചുവിട്ടു. സലായുടെ 29‐ാം ഗോളുമായി ഇത്.