മുംബൈ > ആകാശത്ത് എയർഇന്ത്യക്കുനേരെ എയർ വിസ്താരയുടെ മറ്റൊരുവിമാനം നേർക്കുനേർ വന്നെങ്കിലും കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇക്കഴിഞ്ഞ ഏഴിന് മുംബൈ വ്യോമപാതയിലാണ് സംഭവം. രണ്ടുവിമാനങ്ങൾ ഇത്ര അടുത്ത് അപകടകരമായി എതിർദിശയിലെത്തിയ സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഡൽഹിയിൽനിന്ന് പുണെയിലേക്ക് പോകുകയായിരുന്ന വിസ്താരയുടെ യുകെ 997 എയർക്രാഫ്റ്റാണ് മുംബൈയിൽനിന്ന് ഭോപാലിലേക്ക് പറന്ന എയർഇന്ത്യ 631 എയർക്രാഫ്റ്റുമായി നേർക്കുനേർ വന്നത്.
സെക്കൻഡുകൾക്കുള്ളിൽ എത്താവുന്ന വെറും 2.8 കിലോമീറ്റർ ദൂരത്തിന്റെ അകലമേ ഇവ തമ്മിലുണ്ടായിരുന്നുള്ളൂ. ഉടൻ ട്രാഫിക് കൊളിഷൻ അവോയ്ഡൻസ് സിസ്റ്റത്തിലെ (ടിസിഎഎസ്) അലാറം മുഴങ്ങുകയും പൈലറ്റുമാർ അപകടമൊഴിവാക്കുകയുമായിരുന്നു. വെറും നൂറടി അകലത്തിലാണ് ഇവ വഴിമാറിപ്പറന്നത്.
രണ്ടു വിമാനങ്ങളിലുമായി ഉണ്ടായിരുന്ന 209 യാത്രക്കാർ വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടു. ഇരു പൈലറ്റുമാരോടും ഡിജിസിഎ അധികൃതർ വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്.