അബദ്ധത്തില്‍ നഷ്ടപ്പെടുത്തിയ കാഴ്ച തന്റെ മരണാനന്തരം മകനു മടക്കി നല്‍കി ഒരമ്മ

ചാരുംമൂട്: അബദ്ധത്തില്‍ നഷ്ടപ്പെടുത്തിയ കാഴ്ച തന്റെ മരണാനന്തരം മകനു മടക്കി നല്‍കി ഒരമ്മ. താമരക്കുളം കൊട്ടയ്ക്കാട്ടുശേി കണ്ണുചാരേത്ത് കൃഷ്ണഗാഥയില്‍ രാജന്‍പിള്ളയുടെ ഭാര്യ രമാദേവിയുടെ കണ്ണ് ഇനി മകന്‍ ഗോകുല്‍രാജി(27)നു വെളച്ചമേകും. കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു കണ്ണുമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ.

കഴിഞ്ഞ ആറിനു വൈകിട്ട് ഇളയ മകന്‍ രാഹുല്‍രാജിനൊപ്പം യാത്രചെയ്യുമ്പോള്‍ ബൈക്കില്‍നിന്നു തെറിച്ചുവീണു രമാദേവി(50)ക്കു ഗുരുതരമായി പരുക്കേറ്റു. ചുനക്കര തെക്ക് എന്‍.എസ്.എസ് സ്‌കൂളിന് മുന്നിലായിരുന്നു അപകടം. കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.ഗീതുവിന്റെ നേതൃത്വത്തിലുള്ള സംഘം രമാദേവിയുടെ ഇരുകണ്ണുകളും നീക്കം ചെയ്തു. ഇതിലൊരെണ്ണമാണു മകന്‍ ഗോകുലിനു നല്‍കിയത്.

ആറാം വയസിലാണു ഗോകുലിന്റെ ഇടതു കണ്ണു നഷ്ടമായത്. ഒരിക്കല്‍ രമാദേവിയുടെ കൈയില്‍നിന്ന് കയര്‍ വിട്ട് പശു കുതറിയോടി. വീട്ടുമുറ്റത്ത് കളിച്ചു നില്‍ക്കുകയായിരുന്ന മകനെ രക്ഷിക്കാനായി രമാദേവി പശുവിനു നേരേ കല്ലുവാരിയെറിഞ്ഞു. ഇതിലൊരെണ്ണം ഗോകുലിന്റെ കണ്ണില്‍ കൊണ്ടു. ചികിത്സിച്ചെങ്കിലും ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. കാഴ്ച ലഭിക്കാന്‍ കണ്ണു മാറ്റിവയ്ക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് അവയവദാന സെല്ലില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു.

ജീവിച്ചിരിക്കെ തന്റെ കണ്ണുകളിലൊന്നു മകനു നല്‍കാന്‍ രമാദേവി പലതവണ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഗോകുല്‍ ഇതിന് അനുകൂലമായിരുന്നില്ല. അമ്മയുടെ സംസ്‌കാര ശേഷവും കണ്ണ് ഏറ്റുവാങ്ങാന്‍ ഗോകുല്‍ വിസമ്മതിച്ചു. ഒടുവില്‍ സുഹൃത്തുക്കളുടെ ഇടപെടലാണ് ശസ്ത്രക്രിയയ്ക്ക് ഗോകുലിനെക്കൊണ്ട് സമ്മതം മൂളിച്ചത്. ബി.എസ.്‌സി. നഴ്‌സിങ് ബിരുദധാരിയാണു ഗോകുല്‍. രമാദേവിയുടെ രണ്ടാമത്തെക്കണ്ണ് അവയവദാന രജിസ്റ്ററിലെ മുന്‍ഗണനാ പ്രകാരം ദാനം ചെയ്യുമെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.