
പാലക്കാട് > കെഎസ്യു നേതാവായിരിക്കെ എൽഎൽബി പരീക്ഷയ്ക്ക് മാർക്ക് തിരുത്തിയ വിവരം പുറത്തുവന്നതോടെ വി ടി ബൽറാം എംഎൽഎ വെട്ടിലായി. തൃശൂർ ലോ കോളേജിൽ 2005‐08 വർഷത്തിൽ പഠിക്കുമ്പോഴാണ് ഇന്റേണൽ പരീക്ഷയ്ക്ക് സമാനമായ പരീക്ഷയ്ക്ക് പ്രിൻസിപ്പലിനെ സ്വാധീനിച്ച് മാർക്ക് തിരുത്തിയത്. സോഷ്യൽ മീഡിയയിലടക്കം വാർത്ത വിവാദമായിട്ടും ഇക്കാര്യം തെറ്റാണെന്ന് പറയാൻ ബൽറാം തയ്യാറാകുന്നില്ല. മറ്റു പരീക്ഷകളിൽ തനിക്ക് ഉയർന്ന മാർക്കുണ്ടെന്ന് പറഞ്ഞ് പ്രതിരോധം തീർക്കുകയാണിപ്പോൾ.
അഞ്ചാം സെമസ്റ്ററിൽ ഡ്രാഫ്റ്റിങ് ആൻഡ് കൺവെയൻസിങ് പരീക്ഷയിലാണ് മാർക്ക് തിരുത്തിയത്. പരീക്ഷ നടത്തിയ അധ്യാപിക ബൽറാമിന് നൽകിയത് 45 മാർക്കാണ്. എന്നാൽ, ജയിക്കാൻ വേണ്ടത് 50 മാർക്കായിരുന്നു. കെഎസ്യു നേതാവായ ബൽറാം പ്രിൻസിപ്പൽ ഡോ. രാജശേഖരൻനായരെ സ്വാധീനിച്ച് 75 മാർക്കായി ഇത് ഉയർത്തി. പരീക്ഷ നടത്തിയ അധ്യാപികപോലും അറിയാതെയാണ് പ്രിൻസിപ്പൽ മാർക്ക് കൂട്ടി നൽകിയത്. ഇക്കാര്യം വിദ്യാർഥികൾ പരാതിപ്പെട്ടതോടെ അറിയാതെ പറ്റിയതാണെന്നു പറഞ്ഞ് പ്രിൻസിപ്പൽ തടിയൂരി. എന്നാൽ, സർവകലാശാല ഇക്കാര്യം അന്വേഷിക്കാൻ തീരുമാനിക്കുകയും കമീഷനെ വയ്ക്കുകയും ചെയ്തു.
സിൻഡിക്കറ്റ് അംഗം കെ പി വർക്കി, പരീക്ഷാ കൺട്രോളർ വി രാജഗോപാലൻ, സ്റ്റുഡന്റ് ഡീൻ പി വി വത്സരാജ് എന്നിവർ അന്വേഷിച്ച് ക്രമക്കേട് നടന്നതായി റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതേത്തുടർന്ന് ബൽറാമിന്റെ മാർക്ക് 75ൽ നിന്ന് 45 ആക്കി കുറച്ചു. മാർക്ക് തിരിമറി നടത്താൻ സഹായിച്ച പ്രിൻസിപ്പലിനെ ശിക്ഷാനടപടിയായി എറണാകുളത്തേക്ക് സ്ഥലം മാറ്റുകയും പരീക്ഷാ ചുമതലകളിൽനിന്ന് നീക്കുകയും ചെയ്തു. അന്വേഷണകാലയളവിൽ പ്രിൻസിപ്പലിനെ തിരുവനന്തപുരം ലോ കോളേജിലേക്ക് മാറ്റിയിരുന്നു. അന്വേഷണകമീഷൻ പ്രിൻസിപ്പൽക്കെതിരെ ശക്തമായ നടപടിവേണമെന്നാണ് ശുപാർശ ചെയ്തത്. ഇതുപ്രകാരമാണ് തിരുവനന്തപരുത്തുനിന്നും പ്രിൻസിപ്പലിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയത്. ഇദ്ദേഹത്തിന് ഒരിടത്തും പരീക്ഷാചുമതല നൽകരുതെന്നും സർക്കാർ ഉത്തരവിറക്കുകയും ചെയ്തു.
ആദർശം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന കോൺഗ്രസ് എംഎൽഎ വി ടി ബൽറാം മാർക്ക് തിരുത്തിയത് കൈയോടെ പിടികൂടിയത് പുറത്തായപ്പോൾ മിണ്ടാട്ടമില്ലാതായി. വാർത്ത ആദ്യം പുറത്തുകാണ്ടുവന്ന കൈരളി ചാനലിനെ പള്ള് പറഞ്ഞ് രക്ഷപ്പെടുകയാണിപ്പോൾ.
നവമാധ്യമങ്ങളിൽ അനാവശ്യ വിവാദമുണ്ടാക്കുകയും അതിന്റെ മറവിൽ കുപ്രശസ്തി നേടുകയും ചെയ്യുന്ന ബൽറാം, മാർക്ക് തട്ടിപ്പിലൂടെയും പ്രശസ്തനാണെന്ന് വന്നതോടെ അനുയായികളും പ്രതിരോധിക്കാൻ നിൽക്കാതെ സ്ഥലം വിടുകയാണ്.