
ന്യൂഡൽഹി > ജമ്മു കശ്മീരിലെ സുൻജ്വാൻ സൈനിക ക്യാമ്പിനുനേരെ ജയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. നാല് ഭീകരരെ സൈന്യം വധിച്ചു. തെരച്ചിൽ തുടരുകയാണ്. വൻ ആയുധസന്നാഹവുമായി ക്യാമ്പിലേക്ക് നുഴഞ്ഞുകയറിയാണ് ശനിയാഴ്ച പുലർച്ചെ ആക്രമണം നടത്തിയത്. സൈനിക യൂണിഫോം ധരിച്ച ഭീകരരുടെ പക്കൽനിന്ന് എകെ 56 തോക്കുകൾ, ഗ്രനേഡുകൾ, ലോഞ്ചറുകൾ, വെടിമരുന്ന് എന്നിവ കണ്ടെടുത്തതായി സൈനിക വക്താവ് പറഞ്ഞു.
ക്യാമ്പിലെ സൈനികരുടെ താമസസ്ഥലത്താണ് കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം കണ്ടെടുത്തത്.
ഹവീൽദാർ ഹബീബുള്ള ഖുറേഷി, നായിക് മൻസൂർ അഹമ്മദ്, ലഫ്. നായിക് മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഇക്ബാലിന്റെ പിതാവ്, സുബേദാർമാരായ ലാൽ ചൗധരി, മുഹമ്മദ് അഷ്റഫ് മിർ എന്നിവരാണ് മരിച്ചത്. ആക്രമണത്തിന്റെ തുടക്കത്തിലാണ് എല്ലാവരും കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. ഗർഭിണിയും കുട്ടികളും ഉൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ ശസ്ത്രക്രീയയിലൂടെ പെൺകുഞ്ഞിന് ജന്മംനൽകി. തലയ്ക്കുവെടിയേറ്റ 14 വയസുകാരന്റെ നില ഗുരുതരമായി തുടരുന്നു.
കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ തെരച്ചിൽ തുടരുകയാണെന്ന് സൈന്യത്തിന്റെ ജമ്മു പിആർഒ ലഫ്. കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. നിരവധി കുടുംബങ്ങൾ ക്യാമ്പിലുണ്ട്. അവരെ സുരക്ഷിതരായി പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. ശനിയാഴ്ച രാത്രിയ്ക്കുശേഷം ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസി സംഘം ഭീകരാക്രമണമുണ്ടായ സൈനിക ക്യാമ്പിലെത്തി അന്വേഷണം തുടങ്ങി. കൂടുതൽ അഗ്നിശമന സേനാ യൂണിറ്റുകളും എത്തിച്ചു. ഇതിനിടെ, വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പ്രദേശവാസിയായ പർവീൺ അക്തറാണ് മരിച്ചത്.
രജൗരി ജില്ലയിലെ നിയന്ത്രണരേഖയിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് വെടിവയ്പ്പുണ്ടായത്.
വിഘടനവാദ സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് സ്ഥാപകൻ മക്ബൂൽ ഭട്ടിന്റെ ചരമവാർഷികത്തിന്റെ പശ്ചാത്തലത്തിൽ സൈന്യം ഞായറാഴ്ച നിയന്ത്രണം ഏർപ്പെടുത്തി. സംഘടന പ്രതിഷേധം പ്രഖ്യാപിച്ചതിനെ തുടർന്നാണ് ശ്രീനഗർ, കുപ്വാര ജില്ല, സോപോർ പട്ടണം എന്നിവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. പൊതുഗതാഗതം നിർത്തിവച്ചു.