പാടശേഖരം നികത്തല്‍; ആന്റണി പെരുമ്പാവൂരിനെതിരെ പ്രതിഷേധം ശക്തം

Monday Feb 12, 2018
വെബ് ഡെസ്‌ക്‌

പെരുമ്പാവൂര്‍ > വ്യാപകമായി പാടശേഖരം നികത്തിയെടുക്കാനുള്ള സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.  പോസ്റ്റ് ഓഫീസ് ഐമുറി റോഡിലെ പട്ടശേരിമനവക ഒരേക്കര്‍ മനയ്ക്കത്താഴം പാടശേഖരമാണ് നികത്തിയെടുക്കാന്‍ നീക്കം നടത്തുന്നത്. ഇതിനെതിരെ സിപിഐ എം പട്ടാല്‍ ബ്രാഞ്ച് സെക്രട്ടറി സി കെ രൂപേഷ്കുമാര്‍ സമര്‍പ്പിച്ച കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കെയാണ് നികത്തല്‍ തുടരുന്നത്. അതിനിടെ രൂപേഷ്കുമാറിന്റെ വീട്ടില്‍ക്കയറി ആന്റണിയുടെ ബന്ധുവായ സുജിത്ത് വധഭീഷണി മുഴക്കി. 

  2007ല്‍ പാടം നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന നികത്തലാണ് ഇപ്പോള്‍ പുനരാരംഭിച്ചത്. 2015ല്‍ ഇടവിളക്കൃഷി നടത്തുന്നതിന് ആര്‍ഡിഒയില്‍നിന്ന് അനുവാദം വാങ്ങിയെടുത്തിരുന്നു. ഈ ഉത്തരവിനെതിരെ രൂപേഷ്കുമാര്‍ കലക്ടറേയും ലാന്‍ഡ്റവന്യൂ കമീഷണറേയും സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുപൂനെല്‍ക്കൃഷിക്കുശേഷം പാടവരമ്പുകള്‍ക്കോ പാടത്തിന്റെ തല്‍സ്ഥിതിക്കോ മാറ്റംവരുത്താതെമാത്രമേ ഇടവിളക്കൃഷി നടത്താവൂ എന്ന് ലാന്‍ഡ്റവന്യു കമീഷന്‍ ഉത്തരവിറക്കിയിരുന്നു.

ഇതിനെതിരെ ആന്റണി ഹൈക്കോടതിയെ സമീപിച്ചു.  ബന്ധപ്പെട്ട കക്ഷികളുടെ വാദം കേള്‍ക്കാന്‍ ഉത്തരവ് മൂന്നാഴ്ചയ്ത്തേക്ക് ഹൈക്കോടതി സ്റ്റേചെയ്തു.  ഈ ഉത്തരവിന്റെ മറപിടിച്ചാണ് ഇപ്പോള്‍ പാടത്ത് കപ്പയും വാഴയും തെങ്ങുകളും വച്ചുപിടിപ്പിക്കുകയും വാരം കോരുന്ന പേരില്‍ വലിയ ബണ്ടുകള്‍ തീര്‍ക്കുകയുംചെയ്തത്. ഇതോടെ പാടത്തുള്ള പൊതുതോട് വെള്ളം ഒഴുകാത്ത നിലയില്‍ അടച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ടൌണ്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി ബി എ  ജബ്ബാര്‍ അറിയിച്ചു.

Tags :
പാടശേഖരം നികത്തല്‍ ആന്റണി പെരുമ്പാവൂര്‍