
മുംബൈ > പാഠപുസ്തകങ്ങളില്‍ സംഘപരിവാര്‍ അജണ്ട കുത്തികയറ്റാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കാതെ ബിജെപി സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ 1 മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുസ്‌തകങ്ങളിലൂടെ പഠിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ 59. 42 ലക്ഷം രൂപയുടെ പുസ്‌തകങ്ങളാണ് വാങ്ങാനൊരുങ്ങുന്നത്. പാഠപുസ്തകങ്ങള്‍ക്ക് പുറമെയായിരിക്കും ഈ പുസ്‌തകങ്ങള്‍ വിതരണം ചെയ്യുക.
മോഡിക്ക് വേണ്ടി 60 ലക്ഷത്തിനടുത്ത് ചെലവിടുമ്പോള്‍ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയെ കുറിച്ചുള്ള പുസ്‌തകങ്ങള്‍ വാങ്ങി പഠിപ്പിക്കാന്‍ ചെലവിടുന്നത് വെറും 3.25 ലക്ഷം രൂപയാണ്. മാസങ്ങള്‍ക്കു മുന്‍പെ പാഠപുസ്‌തകങ്ങളില്‍ നിന്നും മുഗള്‍ ഭരണകാലത്തിന്റെ ചരിത്രം മഹാരാഷ്ട്ര എഡ്യുക്കേഷന്‍ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.
ഡോ. ബി ആര്‍ അംബേദ്കര്‍, മഹാത്മ ഫുലെ, മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ് എന്നിവരേയും പുസ്‌തകങ്ങളിലൂടെ പഠിപ്പിക്കാന്‍ ഒരുങ്ങുന്നുണ്ട്. ഇതിനു വേണ്ടി യഥാക്രമം 22.28, 22.63, 21.87 ലക്ഷം രൂപ ചെലവിടും. പട്ടികയില്‍ ഏറ്റവും കുറവ് തുക വകയിരുത്തിയത് ഗാന്ധിജിക്കാണ്. അതേസമയം ചരിത്രനായകന്‍മാരേക്കാള്‍ മുകളിലായി മോഡിക്കാണ് ഏറ്റവും കൂടുതല്‍ തുക മാറ്റിവെച്ചിരിക്കുന്നത്.
മോഡിയെക്കുറിച്ചുള്ള 72933 പുസ്‌തങ്ങള്‍ വാങ്ങുമ്പോള്‍ ഗാന്ധിയെ കുറിച്ചുള്ള 2675 പുസ്‌തകങ്ങള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ വാങ്ങാനൊരുങ്ങുന്നത്. കാവി സര്‍ക്കാറിന്റെ യഥാര്‍ഥ മുഖമാണ് ഇതിലൂടെ പുറത്ത് വന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പാഠപുസ്‌തകങ്ങള്‍ സംഘപരിവാര്‍ അനുകൂല സംഭവങ്ങള്‍ മാത്രം നിറയ്ക്കാനാണ് ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ബിരുദ പാഠപുസ്‌തത്തില്‍ നിന്നും യുദ്ധവിജയവുമായ ബന്ധപ്പെട്ട ചരിത്ര സംഭവം വളച്ചൊടിച്ചിരുന്നു.