
ന്യൂഡല്‍ഹി > റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് മത്സരപരീക്ഷകളില്‍നിന്ന് മലയാളത്തെ ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ച് എ സമ്പത്ത് എംപി റെയില്‍മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു. വിവിധ സോണുകളിലായി 62000ത്തോളം തസ്തിക നികത്തുന്നതിന് റെയില്‍മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ മലയാളത്തെ അവഗണിച്ചിരിക്കുകയാണെന്ന് സമ്പത്ത് പറഞ്ഞു. ഹിന്ദി, ഇംഗ്ളീഷ്, ഉറുദു, ഗുജറാത്തി, മറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക്, കന്നട, കൊങ്ങിണി, ഒഡിയ, അസമീസ്, ബംഗാളി, മണിപ്പൂരി എന്നീ ഭാഷകളില്‍ പരീക്ഷകള്‍ അനുവദിക്കുമ്പോള്‍ മലയാളത്തെ ബോധപൂര്‍വം ഒഴിവാക്കി.
ദക്ഷിണ റെയില്‍വേ ആസ്ഥാനമായ ചെന്നൈ, ദക്ഷിണ-പശ്ചിമ റെയില്‍ ആസ്ഥാനമായ സെക്കന്തരാബാദ് എന്നീ റെയില്‍ റിക്രൂട്ട്മെന്റ് ബോര്‍ഡുകളുടെ സൈറ്റിലും മലയാളത്തിന് സ്ഥാനമില്ല. ക്ളാസിക്കല്‍ ഭാഷയായ മലയാളത്തെ അവഹേളിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേതെന്ന് സമ്പത്ത് കത്തില്‍ പറഞ്ഞു. മൂന്ന് ദക്ഷിണേന്ത്യന്‍ സോണുകളിലും മലയാളം നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് സമ്പത്ത് ആവശ്യപ്പെട്ടു.