വീട്ടമ്മയെ പീഡിപ്പിച്ച് കൊന്ന നാല് വിദേശികളുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി

ജിദ്ദ: വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് വിദേശികളുടെ വധശിക്ഷ സൗദി നടപ്പിലാക്കി. വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത നാല് പാക്കിസ്ഥാന്‍ പൗരന്മാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.

വീട്ടമ്മയുടെ കൈകളും കാലുകളും കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം പ്രതികള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഇവരുടെ മകനെയും സംഘം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്തു.

സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി ഉടന്‍തന്നെ പ്രതികളെ പിടികൂടി. വിചാരണയ്ക്ക് ഒടുവില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് കോടതി ഇവര്‍ക്ക് നാല് പേര്‍ക്കും വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച റിയാദില്‍ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.