വിശ്വാസികളും കമ്യൂണിസ്റ്റുകാരുംഒന്നിക്കണം: ഡോ. മാർ അപ്രേം

Monday Feb 12, 2018
വി എം രാധാകൃഷ്ണൻ



തൃശൂർ > മനുഷ്യനന്മയ്ക്കും നാടിന്റെ പുരോഗതിക്കും വിശ്വാസികളും കമ്യൂണിസ്റ്റുകാരും കൈകോർക്കണമെന്ന് ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ഇന്ത്യൻ മേധാവി ആർച്ച് ബിഷപ്് ഡോ. മാർ അപ്രേം മെത്രാപോലീത്ത പറഞ്ഞു. ക്രിസ്തീയസഭകൾക്ക് ഒരു കാലത്തുണ്ടായിരുന്ന കമ്യൂണിസ്റ്റ് വിരോധം കാലഹരണപ്പെട്ടതാണ്. കമ്യൂണിസ്റ്റുകാരും വിശ്വാസികളും സഹകരിച്ചു പ്രവർത്തിക്കാവുന്ന മേഖല വർധിച്ചുവരികയാണെന്നും സിപിഐ എം സംസ്ഥാന സമ്മേളനത്തിനുള്ള സന്ദേശമായി  മാർ അപ്രേം വ്യക്തമാക്കി.

'എന്റെ സഭാ ആസ്ഥാനംകൂടിയായ തൃശൂരിൽ സിപിഐ എമ്മിന്റെ സംസ്ഥാനസമ്മേളനം നടക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ലോകം മുഴുവൻ സഞ്ചരിച്ച വ്യക്തിയാണ് ഞാൻ. ആഗോളതലത്തിൽത്തന്നെ അന്ധമായ കമ്യൂണിസ്റ്റ്വിരോധം ഇന്നില്ല. നിരവധി വിമോചന, മനുഷ്യാവകാശ പോരാട്ടങ്ങളിൽ കമ്യൂണിസ്റ്റുകാരും വൈദികരും കൈകോർക്കുന്നു. മതിനരപേക്ഷതയ്ക്കും ജനാധിപത്യ അവകാശങ്ങൾക്കും ഗുരുതരമായ വെല്ലുവിളി ഉയർന്ന ഇക്കാലത്ത് ഭാരതത്തിലും ഈ സഹകരണത്തിന് ഏറെ പ്രസക്തിയുണ്ട്. കേരളത്തിലും കുടിവെള്ളസംരക്ഷണം, പ്രകൃതിസംരക്ഷണം, മാലിന്യമുക്ത പ്രവർത്തനം, വികസനം തുടങ്ങി ഒത്തൊരുമ അനിവാര്യമാക്കുന്ന നിരവധി മേഖലകളുണ്ട്. ഇക്കാര്യത്തിൽ രാഷ്ട്രീയത്തിനതീതമായി എല്ലാ മനുഷ്യസ്നേഹികളും വിശ്വാസികളും സഹകരിക്കണം. അതിനനുസൃതമായ തീരുമാനങ്ങൾ സമ്മേളനത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

കമ്യൂണിസ്റ്റുകാരോട് ഒരിക്കലും കൽദായസഭ ശത്രുത കാട്ടിയിട്ടില്ല. ഒന്നാം ഇ എം എസ് മന്ത്രിസഭയെ അട്ടിമറിക്കാൻ നടത്തിയ വിമോചനസമരത്തിൽ പങ്കെടുക്കാത്ത ഏക സഭയാണ് ഞങ്ങളുടേത്. കമ്യൂണിസ്റ്റുകാർ സമൂഹത്തിനുവേണ്ടി ചെയ്യുന്ന സേവനം ചെറുതായി കാണാനാവില്ലെന്ന് ഞാനും അന്തരിച്ച ബിഷപ് ഡോ. പൗലോസ് മാർ പൗലോസും പറഞ്ഞിട്ടുണ്ട്. ഇ എം എസ് ഞങ്ങളുടെ തൃശൂരിലെ അരമന സന്ദർശിച്ചിട്ടുണ്ട്.

വർഗീയതയും ജാതീയതയും അസഹിഷ്ണുതയും നാടിനാപത്താണ്. അത്തരം ശക്തികളെ തിരിച്ചറിയണം. മതനിരപേക്ഷതയാണ് ഉയർത്തിപ്പിടിക്കേണ്ടത്. സിപിഐ എം വർഗീയതയ്ക്കെതിരായ കർശനനിലപാടുള്ള പാർടിയാണ്. പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. മാലിന്യമുക്ത കേരളം പദ്ധതിപോലെ മദ്യവിമുക്ത നാടിനായും ശ്രമിക്കണം.' നാടിന്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും  സമ്മേളനം മുതൽക്കൂട്ടാകട്ടെയെന്നും ഡോ. മാർ അപ്രേം പറഞ്ഞു.

Tags :
ഡോ. മാർ അപ്രേം