
കോഴിക്കോട് > സിനിമയാണ് തന്റെ ചോറെന്നും ഭയപ്പെടുത്തി പിന്‍മാറ്റാന്‍ കഴിയില്ലെന്നും സംവിധായകന്‍ കമല്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍. ഭയമില്ലാത്തത് കൊണ്ടാണ് കമാലുദ്ധീന്‍ എന്ന കമല്‍ ഇപ്പോഴും സിനിമ ചെയ്യുന്നത്. വിവാദം ഭയന്ന് തിരക്കഥയില്‍ മാറ്റം വരുത്തിയിട്ടില്ല: അത് തിരക്കഥ വായിച്ചവര്‍ക്ക് അറിയാം. മാധവിക്കുട്ടിയുടെ എന്റെ കഥയല്ല സിനിമയാക്കിയത്. മറിച്ച് എന്റെ കഥയെഴുതിയ മാധവിക്കുട്ടിയെ ആണ് ആമിയില്‍ കാണുക.
മിമിക്രി കാണിക്കാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ടാണ് മഞ്ജു വാര്യരുടെ ശബ്ദം തന്നെ സിനിമയില്‍ ഉപയോഗിച്ചത്. നിങ്ങള്‍ അറിഞ്ഞ മാധവിക്കുട്ടിയെയാണ് സിനിമയില്‍ കാണുക. അവരുടെ ഏകാന്തത കൂടുതല്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഫൈനല്‍ പ്രൊഡക്ട് എന്താണെന്നാണ് നോക്കേണ്ടത്. അഞ്ച് വര്‍ഷം മുമ്പാണ് മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കാനുള്ള ആഗ്രഹം തോന്നിയത്. ഇതുവരെ അതിനുള്ള ഗവേഷണത്തില്‍ ആയിരുന്നു. മഞ്ജു വാര്യരില്‍ മാത്രമാണ് ഇപ്പോള്‍ ഞാന്‍ മാധവിക്കുട്ടിയെ കാണുന്നത്. ഡോ. സുവര്‍ണ നാലാപ്പാടുമായി നിരന്തരം സംസാരിച്ചാണ് പുന്നയൂര്‍കുളത്തിന്റെ ഭാഷാശൈലി അവതരിപ്പിച്ചത്്. നടി വിദ്യാബാലനെതിരെ ഞാന്‍ പറഞ്ഞകാര്യമല്ല പുറത്തു വന്നത്. അതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.
ആമിയാകാന്‍ കഴിയുമോ എന്ന് കമല്‍ ചോദിച്ചപ്പോള്‍ വെപ്രാളമായിരുന്നെന്ന് നടി മഞ്ജുവാര്യര്‍ പറഞ്ഞു. സംവിധായകന് ആത്മവിശ്വാസമുണ്ടെങ്കില്‍ തയ്യാറാണെന്നാണ് ഞാന്‍ പറഞ്ഞത്. ആമിയാകാനുള്ള നല്ല ശ്രമം എന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. മാധവിക്കുട്ടിയിലേക്ക് പരകായപ്രവേശം ചെയ്യുമ്പോള്‍ ഇമിറ്റേഷന്‍ വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. സ്ക്രിപ്റ്റിനോട് നീതിപുലര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.
തുടക്കത്തിലെ ഭീഷണിപ്പെടുത്തി കലാകാരന്റെ കൈക്ക് വിലങ്ങിടാനുള്ള ശ്രമമാണ് ഈ സിനിമക്കെതിരെ ഉണ്ടായതെന്ന് കാഥകാരി ഇന്ദുമേനോന്‍ പറഞ്ഞു. പി പ്രേംചന്ദ്, മേരിജോര്‍ജ് എന്നിവര്‍ സംസാരിച്ചു. വി കെ ജോബിഷ് മോഡറേറ്ററായി.