
താനൂര്‍ > ഒഴൂരില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഇ ജയനെയും, പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും ആക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഒഴൂര്‍ പടയത്ത് വിശ്വനാഥന്റെ മകന്‍ വിഖില്‍ നാഥാണ് (27) താനൂര്‍ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ ഒഴൂരില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.
ഫെബ്രുവരി 4ന് വൈകീട്ട് എട്ടോടെയായിരുന്നു ഇല്ലത്തപ്പടിയില്‍വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇ ജയനെയും, പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരയും ആക്രമിച്ചത്. അയ്യായയിലെ സിപിഐഎം പൊതുയോഗത്തില്‍ പങ്കെടുക്കാനായി പോകുന്ന വഴിയായിരുന്നു ആക്രമണം. അതിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രചാരണ സാമഗ്രികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയായിരുന്നു. ആസൂത്രണത്തോടെയുള്ള ആക്രമണത്തില്‍ ഇ ജയനടക്കം എട്ടോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
തീര്‍ത്തും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ഒഴൂരില്‍ സംഘര്‍ഷം വിതയ്ക്കാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആര്‍എസ്എസ് അക്രമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇരുപതോളം പേര്‍ വരുന്ന ആര്‍എസ്എസ് ക്രിമിനല്‍ സംഘമായിരുന്നു ആക്രമണത്തിന് പിന്നില്‍. അക്രമത്തില്‍ പങ്കെടുത്തവരേയും, ഗൂഢാലോചന നടത്തിയവരെയും ഉടന്‍ പിടികൂടണമെന്ന് സിപിഐ എം ഒഴൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.