റൊണാൾഡോ ഹാട്രിക്കിൽ റയൽ

Monday Feb 12, 2018
വെബ് ഡെസ്‌ക്‌


മാഡ്രിഡ് > ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയെ നേരിടാനൊരുങ്ങുന്ന റയൽ മാഡ്രിഡിന് സ്പാനിഷ് ലീഗിൽ മിന്നുന്ന ജയം. രണ്ടിനെതിരെ അഞ്ച് ഗോളിന് റയൽ സൊസിഡാഡിനെ തകർത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിലാണ് റയൽ കുതിച്ചത്. മറ്റ് ഗോളുകൾ ലൂകാസ് വാസ്കേസും ടോണി ക്രൂസും നേടി. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയുമായുള്ള പ്രീ ക്വാർട്ടർ  ബുധനാഴ്ചയാണ്.  ലീഗിലെ മറ്റൊരു മത്സരത്തിൽ ഒന്നാംസ്ഥാനക്കാരായ ബാഴ്സലോണയെ ഗെറ്റഫെ ഗോൾരഹിതമായി കുരുക്കി.

സീസണിൽ മറ്റ് പ്രധാന കിരീടങ്ങൾ കൈവിട്ട റയലിന് ചാമ്പ്യൻസ് ലീഗിലാണ് പ്രതീക്ഷ. സ്പാനിഷ് ലീഗിൽ റയലിന്റെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചുകഴിഞ്ഞു. ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാൾ 16 പോയിന്റ് പിന്നിലാണ് റയൽ. സ്പാനിഷ് കിങ്സ് കപ്പിൽ പ്രീക്വാർട്ടറിൽ തോറ്റ് പുറത്തായതും  ടീമിന് തിരിച്ചടിയായി. ശക്തരായ പിഎസ്ജിയെ നേരിടുന്നതിന് മുമ്പ് ടീം മികച്ച ഫോമിലേക്ക് എത്തിയെന്നത് റയൽ പരിശീലകൻ സിദാന് ആശ്വാസമാകും. ലീഗിൽ മങ്ങിയ റൊണാൾഡോയുടെ തകർപ്പൻ തിരിച്ചുവരവും റയലിന് ആത്മവിശ്വാസം നൽകും.

സൊസിഡാഡിനെതിരെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ സിദാന്റെ സംഘം മിന്നും ഫോമിലായിരുന്നു.
കഴിഞ്ഞ മത്സരത്തിൽ ലവന്റെയോട് സമനില വഴങ്ങിയതിന്റെ നിരാശ മായ്ച്ചു. മത്സരത്തിൽ റയൽ ഒരുഘട്ടത്തിൽപ്പോലും എതിരാളികൾക്ക് ആധിപത്യം നേടാൻ അവസരം നൽകിയില്ല.

ഇടവേളയ്ക്കു പിരിയുന്നതിന് മുമ്പുതന്നെ റയൽ നാല് ഗോൾ സൊസിഡാഡ് വലയിലിട്ടു. ആദ്യ മിനിറ്റിൽത്തന്നെ ലൂക്കാസ് വാസ്കേസ് റയലിന് ലീഡ് നൽകി. അടുത്തത് റൊണാൾഡോയുടെ കാലിൽനിന്ന്. മാഴ്സെലോ അവസരമൊരുക്കി. ടോണി ക്രൂസ് നേട്ടം മൂന്നാക്കി. പിന്നാലെ ലൂക്കാ മോഡ്രിച്ചിന്റെ പാസിൽനിന്ന് റൊണാൾഡോ വീണ്ടും ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ സോസിഡാഡ് തിരിച്ചടിക്കാൻ ശ്രമിച്ചു. ബൗട്ടിസ്റ്റായോയും ഇല്ലാർമെൻഡിയും സൊസിഡാഡിനായി ഗോളടിച്ചു. പക്ഷേ, റയൽ വിട്ടുകൊടുത്തില്ല. നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു.

പകരക്കാരനായെത്തിയ ഗാരെത് ബെയ്ലിന്റെ ലോങ്റേഞ്ച് ഷോട്ട്  സോസിഡാഡ് ഗോളി ജേറോണിമോ റുല്ലി തട്ടിമാറ്റി. പക്ഷേ പന്ത് കിട്ടിയത് റൊണാൾഡോയ്ക്ക്. ലക്ഷ്യം തെറ്റിയില്ല ഈ പോർച്ചുഗൽതാരത്തിന്. തകർപ്പൻ ഗോളുമായി റൊണാൾഡോ ഹാട്രിക്കും പൂർത്തിയാക്കി.42 പോയിന്റുള്ള റയൽ വലൻസിയയെ മറികടന്ന് പട്ടികയിൽ മൂന്നാമതെത്തി. മലഗയെ ഒരു ഗോളിന് തോൽപ്പിച്ച അത്ലറ്റികോ മാഡ്രിഡാണ് പട്ടികയിൽ രണ്ടാമത്. ഒൺട്വാൻ ഗ്രീസ്മാന്റെ ഗോളിലാണ് അത്ലറ്റികോയുടെ ജയം. അത്ലറ്റികോയ്ക്ക് 52 പോയിന്റാണ്.

Tags :
ക്രിസ്റ്റ്യാനോ റൊണാൾഡോ