രാജ്യത്ത് നടപ്പാക്കുന്നത് ഗോഡ്‌സെയുടെ അജൻഡ: സച്ചിദാനന്ദൻ

Sunday Feb 11, 2018
വെബ് ഡെസ്‌ക്‌

കോഴിക്കോട് > ഗോഡ്‌സെയുടെ അജൻഡകൾ നടപ്പാക്കുകയും ഗാന്ധിജിയെ ഏറ്റെടുക്കുകയും ചെയ്യുന്ന വൈരുധ്യമാണ് രാജ്യത്ത് കാണുന്നതെന്ന് കവി സച്ചിദാനന്ദൻ. കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളമാണ് സംഘപരിവാർ ലക്ഷ്യംവയ്ക്കുന്ന പ്രധാന സംസ്ഥാനം. ഒരുകാലത്ത് ഇടതുമതേതര ആശയങ്ങൾ സമൂഹത്തിന് പകർന്നുതന്ന കെപിഎസി നാടകങ്ങളുടെയും സാംബശിവന്റെ കഥാപ്രസംഗങ്ങളുടെയും വേദികളായിരുന്നു അമ്പലപ്പറമ്പുകൾ. ഇന്ന് കപട ആത്മീയതയുടെയും ആയുധപരിശീലനത്തിന്റെയും കേന്ദ്രമായി അവ മാറുന്നു. കേരളീയരുടെ ചിന്തയിലേക്കും മതത്തിന്റെ വിഷം കുത്തിവയ്ക്കാനുള്ള ശ്രമം നടക്കുന്നു. പുരാണങ്ങളും മിത്തുകളും ചരിത്രമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമൂഹത്തിൽ അശാന്തി പടർത്തുകയാണ് ഒരുകൂട്ടർ. ഇത് ഇന്ത്യ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്. ഇതിഹാസങ്ങളെ തെറ്റായി വ്യഖ്യാനിക്കുന്നു. നമ്മുടെ വൈവിധ്യങ്ങളെ തകർത്ത് ഏകശിലാ മാതൃകയിൽ ഹിന്ദിമാത്രം സംസാരിക്കുന്ന രാജ്യമാണ് ഇവർ വിഭാവനം ചെയ്യുന്നതെന്നും ഫെസ്റ്റിവൽ ഡയരക്ടർ കൂടിയായ സച്ചിദാനന്ദൻ പറഞ്ഞു.
 

Tags :
സച്ചിദാനന്ദൻ