ഓടിക്കൊണ്ടിരുന്ന കാറില്‍ 16കാരിക്ക് ക്രൂര പീഡനം : നാലു പേര്‍ പിടിയില്‍

ലുധിയാന: പരിചയക്കാരിയായ സ്ത്രീയും ഭര്‍ത്താവും കൂട്ടിക്കൊണ്ടു പോയി, ഓടിക്കൊണ്ടിരുന്ന കാറില്‍ 16കാരിക്ക് ക്രൂര പീഡനം. ഫെബ്രുവരി 5നായിരുന്നു സംഭവം. സംഭവത്തില്‍ നാലു പേര്‍ പിടിയില്‍. ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ വഴിയിലുപേക്ഷിച്ച്‌ സംഘം കടന്നു. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു.

പ്രതികളുടെ ഭീഷണിയെത്തുടര്‍ന്ന് വിവരങ്ങള്‍ പുറത്തു പറയാന്‍ ആദ്യം പെണ്‍കുട്ടി മടിച്ചെങ്കിലും പിന്നീട് വീട്ടുകാരോട് പറയുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് നാലു പുരുഷന്മാരും ഇവരിലൊരാളുടെ ഭാര്യയും എത്തിയത്. അഞ്ചു പേരും പെണ്‍കുട്ടിക്ക് മുന്‍പരിചയം ഉള്ളവരായിരുന്നു. ബന്ധുവായ ഒരു പെണ്‍കുട്ടിയുടെ വിവാഹമാണെന്നും ഒരുക്കാന്‍ വരണമെന്നും ആവശ്യപ്പെട്ടു.

പരിചയമുള്ളവരായതിനാല്‍ അവരോടൊപ്പം പോവുകയായിരുന്നു. എന്നാല്‍ സ്ത്രീയുടെ മുന്നില്‍ തന്നെ വണ്ടിയില്‍ വെച്ച്‌ പീഡിപ്പിക്കുകയും ദളിതയെന്ന് വിളിച്ച്‌ അധിക്ഷേപിക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടി പറഞ്ഞത് സത്യമാണെന്ന് വ്യക്തമായതോടെ പ്രതികളെ പിടികൂടി. പ്രതിയുടെ ഭാര്യയായ സ്ത്രീക്കായും അന്വേഷണം ആരംഭിച്ചു. ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു. കൂട്ട ബലാത്സംഗം, ക്രിമിനല്‍ ഗൂഡാലോചന, പോക്സോ എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.