പൂട്ടിയിട്ട വീടിനുള്ളില്‍ കോടികള്‍ വിലമതിയ്ക്കുന്ന കാറുകളുടെ ശേഖരം : ഈ വീട്ടില്‍ താമസമില്ലാതായിട്ട് 27 വര്‍ഷം : ദുരൂഹത അവശേഷിപ്പിച്ച് ആ വീടും കാറുകളും

നോര്‍ത്ത് കരോലിന : പഴയകെട്ടിടങ്ങള്‍ പൊളിക്കുന്നവര്‍ക്ക് പലപ്പോഴും നിധി കിട്ടിയതായി നാം കേട്ടിട്ടുണ്ട്. ഇതാ നോര്‍ത്ത് കരോലിനയിലെ ഒരു വീട് പൊളിക്കാനെത്തിയവര്‍ക്ക് അക്ഷരാര്‍ഥത്തില്‍ നിധി കിട്ടിയിരിക്കുന്നു. ഫെറാരിയുടെ ഏറ്റവും മനോഹരമായ 12-സിലിണ്ടര്‍ കാറായ 1966 മോഡല്‍ 275 ജിടിബി, 1976 മോഡല്‍ ഷെല്‍ബി കോബ്ര തുടങ്ങിയ മോഡലുകളാണ് കഴിഞ്ഞ 27 വര്‍ഷമായി മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത നിലയില്‍ ലഭിച്ചത്.

2.8 ദശലക്ഷം പൗണ്ടാണ് ഇതില്‍ രണ്ട് മോഡലുകള്‍ക്ക് നിലവിലെ അവസ്ഥയില്‍ത്തന്നെ വില പ്രതീക്ഷിക്കുന്നതെന്ന് ഹഗേര്‍ടി എന്ന ക്‌ളാസിക് കാര്‍ ഇന്‍ഷുറന്‍സ് കമ്പനി പറയുന്നു. പ്രദേശത്തെ മുന്‍സിപ്പല്‍ അധികൃതര്‍ പൊളിക്കാനിരുന്ന പഴയ വീടിനുള്ളില്‍നിന്നും ലഭിച്ച വാഹനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ഹാഗേര്‍ടിയുടെ യുട്യൂബ് ചാനലില്‍ ടോം കോട്ടെര്‍ അവതരിപ്പിക്കുന്ന ബാര്‍ണ്‍ ഫൈന്‍ഡ് ഹണ്ടര്‍ എപ്പിസോഡിലൂടെ ലക്ഷക്കണക്കിന് വാഹനപ്രേമികളാണ് കണ്ടത്.

കോബ്രയും ഫെറാരിയ്ക്കും മാത്രമല്ല മോര്‍ഗന്‍, ട്രയംഫ് ടിആര്‍6 കാറുകളും ഈ ഗ്യാരേജില്‍നിന്നും ലഭിച്ചു. കോബ്രയ്ക്ക് ഇപ്പോഴും ചലിക്കാനാവുന്നുണ്ടെന്നും എന്നാല്‍ മറ്റ് മൂന്നുകാറുകളുടെ ബ്രേക്ക് പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ വാഹനം സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റാനൊരുങ്ങുകയാണ് അധികൃതര്‍. ഏതായാലും ചാനലില്‍ സംപ്രേഷണം ചെയ്ത വിവരമറിഞ്ഞ് കാറിന്റെ ഉടമസ്ഥന്‍ എത്തി. മോര്‍ഗന്‍, ട്രയംഫ് കാറുകള്‍ കൈവശം സൂക്ഷിക്കാന്‍ ആഗ്രഹമറിയിച്ച അയാള്‍, ഫെറാരിയും ഷെല്‍ബിയും ലേലത്തിനു വയ്ക്കാന്‍ ഒരുങ്ങുകയാണ്.