എസ്‌ബിഐ എംപ്ലോയീസ് ഫെഡറേഷൻ ദേശീയ സമ്മേളനത്തിന് തുടക്കമായി

Sunday Feb 11, 2018
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷന്റെ (ബെഫി) ദ്വിദിന ദേശീയ സമ്മേളനത്തിന് തുടക്കമായി. ബി ടി ആർ ഭവനിൽ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സമ്മേളനം ഉദ്ഘാടനംചെയ്തു. സാമ്പത്തികമേഖലയിലെ പരിഷ്‌കരണങ്ങളുടെ ഗുണഭോക്താക്കൾ വൻകിട കോർപറേറ്റുകളാണെന്ന് മന്ത്രി പറഞ്ഞു. സമ്പത്തിന്റെ ഭൂരിപക്ഷവും ന്യൂനപക്ഷത്തിന്റെ കൈകളിലാണ്. ഇത്തരം വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനായി വർഗീയതയെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനെതിരെ തൊഴിലാളിവർഗം ജാഗ്രത പുലർത്തണമെന്നും മന്ത്രിപറഞ്ഞു.

എസ്ബിഐ ഇഎഫ് പ്രസിഡന്റ് സജി ഒ വർഗീസ് പതാക ഉയർത്തി. എസ്ബിഐ ഇഎഫ് വൈസ് പ്രസിഡന്റ് വിജയൻ രക്തസാക്ഷിപ്രമേയവും സെക്രട്ടറി ജയരാജ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ടി സി മാത്തുക്കുട്ടി (ദേശീയ സെക്രട്ടറി, എഫ്എസ്ഇടിഒ), എം കൃഷ്ണൻ (സെക്രട്ടറി ജനറൽ, കോൺഫെഡറേഷൻ), ഗണപതി കൃഷ്ണൻ (എഐഐഇഎ), സി ജെ നന്ദകുമാർ (ബെഫി അഖിലേന്ത്യാ പ്രസിഡന്റ്), ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ, ജനറൽ സെക്രട്ടറി അനിൽ എസ് എസ്, എ സിയാവുദീൻ എന്നിവർ സംസാരിച്ചു. ബെഫി സംസ്ഥാന പ്രസിഡന്റ് ജോസ് ടി എബ്രഹാം സ്വാഗതവും സ്വാഗതസംഘം കൺവീനർ ഡി വിനോദ്കുമാർ നന്ദിയും പറഞ്ഞു.

എസ്ബിഐ ഇഎഫ് അഖിലേന്ത്യാ സെക്രട്ടറി കെ ബാലചന്ദ്രൻ റിപ്പോർട്ടും ട്രഷറർ ജി അനിൽകുമാർ കണക്കും അവതരിപ്പിച്ചു. വിരമിച്ച ജീവനക്കാരെ ആദരിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി കാർത്തികേയൻനായർ 'ചരിത്രം, സംസ്‌കാരം, മതം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഞായറാഴ്ച പകൽ 11ന്് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ സംസാരിക്കും.

Tags :
ബെഫി ജെ മേഴ്‌സിക്കുട്ടിയമ്മ