ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ച് സിറിഞ്ചുകള്‍ ശരീരത്തില്‍ വച്ച് തുന്നിക്കെട്ടി, സംഭവം പുറത്തറിഞ്ഞതിങ്ങനെ

ഗര്‍ഭനിരോധന ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറില്‍ അഞ്ചോളം സിറിഞ്ചുകള്‍ ഡോക്ടര്‍ മറന്നു വെ്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരിശോധന നടത്തിയപ്പോഴാണ് യുവതിയുടെ വയറിനുള്ളില്‍ സിറിഞ്ചുകള്‍ കണ്ടെത്തിയത്. പിന്നീട് ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സര്‍ സുന്ദര്‍ലാല്‍ ആശുപത്രിയിലാണ് സംഭവം. റാണി എന്ന് പേരുള്ള യുവതി കഴിഞ്ഞ വര്‍ഷമാണ് ആശുപത്രിയില്‍ ഗര്‍ഭനിരോധന ശസ്ത്രക്രിയക്ക് വിധേയയായത്. എന്നാല്‍ പിന്നീട് ശക്തമായി വയറുവേദന സ്ഥിരമായതോടെ പരിശോധന നടത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ആദ്യം രണ്ട് സിറിഞ്ചുകള്‍ കണ്ടെത്തി. എന്നാല്‍ പിന്നീട് വീണ്ടും വേദന അനുഭവപ്പെടുകയും പരിശോധിക്കുകയും ചെയ്തപ്പോഴാണ് ബാക്കി മൂന്ന് സിറിഞ്ചുകള്‍ കൂടി കണ്ടെത്തിയെന്നും യുവതിയുടെ ഭര്‍ത്താവ് പറയുന്നു.

പരാതി കിട്ടിയിട്ടുണ്ടെങ്കിലും സംഭവത്തില്‍ ഇതുവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ സംഭവം അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു.