ത്രിരാഷ്ട്ര ട്വന്റി 20; ഓസ്ട്രേലിയക്ക് 7 വിക്കറ്റ് വിജയം

Sunday Feb 11, 2018
വെബ് ഡെസ്‌ക്‌

മെൽബൺ > ത്രിരാഷ്ട്ര ട്വന്റി 20 ടൂർണമെന്റിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തോൽപ്പിച്ചു. ജയത്തോടെ ഓസീസ്  ഫൈനലിൽ പ്രവേശിച്ചു. ഇംഗ്ലണ്ട് ഉയർത്തിയ വിജയലക്ഷ്യം 33 പന്ത് ബാക്കിനിൽക്കെ ഓസീസ് മറികടന്നു. ആദ്യം ബാറ്റ്ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴിന് 137 റണ്ണാണ് സ്കോർ ചെയ്തത്.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഓസീസ് നായകൻ ഡേവിഡ് വാർണറുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ബൗളർമാരുടെ പ്രകടനം. ഓസീസിനായി കെയ്ൻ റിച്ചാർഡ്സൺ മൂന്നും ബില്ലി സ്റ്റാൻലേക് രണ്ടു വിക്കറ്റും വീഴ്ത്തി. റിച്ചാർഡ്സനാണ് മാൻ ഓഫ് ദി മാച്ച്.

പരിക്കേറ്റ ഇയോവിൻ മോർഗനു പകരം ജോസ് ബട്ലറാണ് ഇംഗ്ലണ്ടിനെ നയിച്ചത്. ബട്ലറിന്റെ ഇന്നിങ്സാണ് ഇംഗ്ലണ്ടിനെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്.  49 പന്തിൽനിന്ന് 46 റണ്ണാണ്   ബട്ലറിന്റെ സമ്പാദ്യം. നാല് ബൗണ്ടറിയടക്കം സാം ബില്ലിങ്സ് 23 പന്തിൽ 29 റണ്ണെടുത്തു.

മറുപടിക്കെത്തിയ ഡേവിഡ് വാർണറെ (4 പന്തിൽ 2) ആദ്യംതന്നെ ഡേവിഡ് വില്ലി മടക്കി. എന്നാൽ ആർകി ഷോട്ട് (33 പന്തിൽ 36*) ഒരു വശം നിലയുറപ്പിച്ചു. ഗ്ലെൻ മാക്സ്വെല്ലും (26 പന്തിൽ 39) ക്രിസ് ലിന്നും (19 പന്തിൽ 31) ആഞ്ഞടിച്ചപ്പോൾ ഓസീസ് സ്കോർ ഉയർന്നു.ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെയും ഓസ്ട്രേലിയ തോൽപ്പിച്ചിരുന്നു. ഇംഗ്ലണ്ട് ന്യൂസിലൻഡ് മത്സരത്തിലെ വിജയിയെ ഫൈനലിൽ ഓസീസ് നേരിടും.

Tags :
ത്രിരാഷ്ട്ര ട്വന്റി