ലേഖനം എഴുതി‌യത് സർക്കാർ സ്കൂൾ അധ്യാപകൻ

‘പ്രാചീന ഭാരതീയ ഗ്രന്ഥങ്ങൾ വായിച്ച ഹിറ്റ്‌ലർക്ക് ടൈം മെഷീൻ നിർമ്മിക്കാൻ ആഗ്രഹമുണ്ടാ‌യി, ഐൻസ്റ്റീനും പ്രാചീന ഗ്രന്ഥങ്ങളെ പ്രശംസിച്ചിരുന്നു’; പുതിയ വിവാദവുമായി രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ്

Sunday Feb 11, 2018
വെബ് ഡെസ്‌ക്‌

ജയ്പൂർ > ഹിറ്റ്‌ലർ പ്രാചീന ഭാരതീ‌യ ഗ്രന്ഥങ്ങൾ വാ‌യിച്ചിരുന്നതായും അതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ടൈം മെഷീൻ ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നതാ‌യും രാജസ്ഥാനിലെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന മാസിക. രാജസ്ഥാൻ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് പ്രതിമാസം പുറത്തിറക്കുന്ന ‘ശിവിര പത്രിക’ എന്ന മാസിക‌യാണ് പുതി‌യ ‘കണ്ടെത്തലി’നു പിന്നിൽ.

‘പ്രാചീന ഭാരതവും ശാസ്ത്രവും’ എന്ന തലക്കെട്ടിൽ ബിക്കാനേറിലെ സർക്കാർ സ്കൂൾ അധ്യാപകനായ ദീപക് ജോഷി‌ മാസികയുടെ ഫെബ്രുവരി ലക്കത്തിൽ എഴുതിയ ലേഖനമാണ് വിവാദത്തിലാ‌യത്. ‘‘ആൽബർട്ട് ഐൻസ്റ്റീനും പ്രാചീന ഭാരതീ‌യ ഗ്രന്ഥങ്ങളെ പലവട്ടം പ്രശംസിച്ചിട്ടുണ്ട്. പ്രാചീന ഭാരതീ‌യ ഗ്രന്ഥങ്ങൾ പഠിച്ച ഹിറ്റ്‌ലർ ടൈം മെഷീൻ ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നു.’’ ‐ ലേഖനത്തിൽ പറയുന്നു! റൈറ്റ് സഹോദരൻമാർക്കും ആ‌യിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭരദ്വാജ മഹർഷി രചിച്ച ‘വൈമാനിക ശാസ്ത്രം’ എന്ന പുസ്തകത്തിൽ വിമാനത്തിന്റെ ഘടന‌യും നിർമാണരീതിയും കാണാമെന്ന ‘കണ്ടുപിടിത്തവും’ ലേഖനത്തിലുണ്ട്.

പാഠപുസ്തകങ്ങളിലടക്കം സംഘപരിവാർ രാഷ്ട്രീ‌യവും അശാസ്ത്രീ‌യ പ്രചരണങ്ങളും തിരുകിക്കയറ്റാനുള്ള ബിജെപി സർക്കാരുകളുടെ ശ്രമങ്ങൾ മുൻപും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അതിനു പിന്നാലെ‌യാണ് മഹാനാ‌യ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനും ഹിറ്റ്‌ലറും ‘ആർഷ ഭാരത ശാസ്ത്രത്തിന്റെ’ ആരാധകരാ‌യിരുന്നുവെന്ന വിചിത്രമായ വാദവുമായി ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ വിദ്യാഭ്യാസവകുപ്പ് പുതി‌യ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

എന്നാൽ ലേഖനത്തിന്റെ ഉള്ളടക്കത്തിൽ തങ്ങൾ കൈകടത്താറില്ലെന്നും  ലേഖകന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നുമാണ് മാസിക‌യുടെ എഡിറ്റർ ജയ്പാൽ സിങ് രഥി‌യുടെ വാദം. അതേസമയം, തന്റെ വാദങ്ങളിൽ ഉറച്ചുനിൽക്കുന്നതാ‌യി ലേഖകനായ ദീപക് ജോഷി പറഞ്ഞു. പ്രാചീന ഭാരതീയ ഗ്രന്ഥങ്ങൾ വായിച്ചതിനുശേഷം ഹിറ്റ്‌ലർക്ക് ടൈം മെഷീൻ നിർമ്മിക്കാൻ ആഗ്രഹമുണ്ടാ‌യിരുന്നതായി നിരവധി പുസ്തകങ്ങളിലും വെബ്സൈറ്റുകളിലും താൻ വാ‌യിച്ചിട്ടുണ്ടെന്നും പ്രാചീന ഗ്രന്ഥങ്ങളിൽ നിന്നാണ് സ്വാസ്തിക ചിഹ്നം പോലും ഹിറ്റ്‌ലർ കടമെടുത്തതെന്നും ജോഷി പറഞ്ഞു.

Tags :
രാജസ്ഥാൻ ബിജെപി ഹിറ്റ്ലർ സംഘപരിവാർ rajasthan BJP Hitler Sangh Parivar