വിവാഹം ഇന്ന് നടക്കാനിരിക്കെ പ്രതിശ്രുത വരനും സുഹൃത്തും അപകടത്തിൽ മരിച്ചു

Sunday Feb 11, 2018
വെബ് ഡെസ്‌ക്‌

കിളിമാനൂർ > ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ പ്രതിശ്രുത വരനും സുഹൃത്തും മരിച്ചു. വാമനപുരം മേലാറ്റുമൂഴി വിഷ്ണുനിവാസിൽ പ്രതിരാജൻ ജയ ദമ്പതികളുടെ മകൻ വിഷ്ണുരാജ് (26), വാമനപുരം ആനാകുടി ഊന്നൻപാറ വാഴവിള വീട്ടിൽ ശശിസുമതി ദമ്പതികളുടെ മകൻ ശ്യാം (23) എന്നിവരാണ് മരിച്ചത്.

വിഷ്ണുരാജിന്റെ വിവാഹം കിളിമാനൂർ പുതിയകാവ് സ്വദേശിനിയായ പെൺകുട്ടിയുമായി ഞായറാഴ്ച നടക്കാനിരിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ സംസ്ഥാനപാതയിൽ കിളിമാനൂരിനു സമീപം പുളിമാത്തായിരുന്നു അപകടം.

കുലശേഖരത്തുനിന്ന് പെരുമ്പാവൂരിലേക്ക് റബർതടി കയറ്റി വന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. വിവാഹത്തിന് വീട്ടിൽ പന്തൽ കെട്ടിയ സുഹൃത്തിനെ തൊളിക്കുഴിയിലുള്ള വീട്ടിലെത്തിച്ച് മടങ്ങിവരുന്നതിനിടയിലാണ് എതിർ ദിശയിൽ വന്ന ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായി തകർന്നു. അബുദാബിയിലായിരുന്ന വിഷ്ണുരാജ് വിവാഹത്തിനായി അടുത്തിടെയാണ് നാട്ടിലെത്തിയത്. വിഷ്ണുരാജിന്റെ അച്ഛനും സഹോദരൻ അനന്തുവും അബുദാബിയിലാണ് ജോലി ചെയ്യുന്നത്. വിവാഹത്തിന് പങ്കെടുക്കുന്നതിനായി ഇരുവരും നാട്ടിൽ എത്തിയിരുന്നു. മരിച്ച ശ്യാം ഓട്ടോഡ്രൈവറാണ. ഇരുവരും ആത്മസുഹൃത്തുക്കളും ബന്ധുക്കളുമാണ്. മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിനുശേഷം സംസ്‌കരിച്ചു. കിളിമാനൂർ പൊലീസ് കേസ് എടുത്തു.
 

Tags :
അപകടം മരണം