ബഹിരാകാശ രംഗത്തെ കുത്തക കയ്യടക്കാന്‍ ഇന്ത്യ : ഇന്ത്യ ലോകത്തിലെ വന്‍ ശക്തിയായി വളരുന്നു

ശ്രീഹരികോട്ട : ദിവസങ്ങള്‍ക്ക് മുന്‍പാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സ് കമ്പനി ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി വിക്ഷേപിച്ച് തിരിച്ചിറക്കിയത്. റോക്കറ്റിന്റെ മൂന്നു ഭാഗങ്ങളില്‍ രണ്ടും ഭൂമിയില്‍ തിരിച്ചിറങ്ങി. മൂന്നാം ഭാഗം കടലില്‍ തകര്‍ന്നു വീണു. അതേസമയം, സ്‌പെയ്‌സ് എക്‌സ് പോലെ ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയും തിരിച്ചിറക്കാന്‍ ശേഷിയുള്ള റോക്കറ്റിന്റെ, പേടകത്തിന്റെ നിര്‍മാണത്തിലാണ്. രണ്ടു വര്‍ഷം മുന്‍പാണ് ഇതിന്റെ പ്രാഥമിക പരീക്ഷണം നടന്നത്.

ബഹിരാകാശ മേഖലയില്‍ ഏറ്റവും ചെലവേറിയ ഒന്നാണ് മികച്ച റോക്കറ്റ് നിര്‍മാണം. വിക്ഷേപിച്ച റോക്കറ്റ് വീണ്ടും ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടം തന്നെയാണ്. ബഹിരാകാശ വിപണിയില്‍ സ്‌പെയ്‌സ് എക്‌സ് ഇക്കാര്യത്തില്‍ ഏറെ മുന്നേറി കഴിഞ്ഞു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിക്ക് പോലും സാധിക്കാത്ത നേട്ടമാണ് ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സാങ്കേതിക വിദഗ്ധര്‍ കഴിഞ്ഞ ദിവസം കൈവരിച്ചത്.

ടെസ്ല കാറുമായി ബഹിരാകാശത്തേക്ക് തിരിച്ച ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിന്റെ രണ്ടു ഭാഗങ്ങളും സുരക്ഷിതമായാണ് ഭൂമിയില്‍ തിരിച്ചിറങ്ങിയത്. എന്നാല്‍ ഇത്തരമൊരു പദ്ധതി ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ നേരത്തെ തുടങ്ങിയതാണ്. റീയൂസബിള്‍ റോക്കറ്റിന്റെ നിരവധി പരീക്ഷണങ്ങളും ഐഎസ്ആര്‍ഒ നടത്തിയിട്ടുണ്ട്.

സ്‌പെയ്‌സ് എക്‌സിന് സമാനമായ റോക്കറ്റ് വിക്ഷേപണ പദ്ധതിയുടെ കൂടുതല്‍ പരീക്ഷണങ്ങള്‍ വൈകാതെ തന്നെ ഇന്ത്യയിലും നടക്കുമെന്നാണ് ഐഎസ്ആര്‍ഒ മേധാവി ഡോക്ടര്‍ കെ. ശിവന്‍ പറഞ്ഞത്. സ്‌പെയ്‌സ് എക്‌സിന്റെ വിജയത്തെ അഭിനന്ദിച്ചാണ് ശിവന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്.

റീയൂസബിള്‍ ടെക്‌നോളജിയുടെ മൂന്നു തലങ്ങളാണ് ഐഎസ്ആര്‍ഒ പരീക്ഷിക്കുന്നത്. ഒന്ന്: ഭ്രമണ പഥത്തില്‍ നിന്ന് തിരിച്ചെത്തി ഭൂമിയില്‍ ഇറങ്ങുന്ന പേടകം. രണ്ട്: വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണ വാഹനം. മൂന്ന്: റീയൂസബിള്‍ റോക്കറ്റ് സ്റ്റേജസ്. ഇതില്‍ ചിലതിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ നേരത്തെ തന്നെ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഭൂമിയില്‍ തിരിച്ചിറങ്ങാന്‍ ശേഷിയുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണം നടന്നത് 2016 മേയിലാണ്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇതിന്റെ രണ്ടാം ഘട്ടപരീക്ഷണം നടക്കുമെന്നാണ് അറിയുന്നത്.

ചെലവ് കുറച്ച് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കുന്നതില്‍ വലിയ നേട്ടം കൈവരിച്ച ഐഎസ്ആര്‍ഒ വീണ്ടും ഉപയോഗിക്കാവുന്ന ഭീമന്‍ റോക്കറ്റ് നിര്‍മാണ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് വന്‍ പ്രതീക്ഷകള്‍ നല്‍കുന്ന വാര്‍ത്തയാണ്. ഇത് വിജയിച്ചാല്‍ ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ രംഗത്തെ ചരിത്രസംഭവമായിരിക്കും. വിങ്ഡ് റീയൂസബിള്‍ ലോഞ്ച് വെയ്ക്കിള്‍ ടെക്‌നോളജി ഡെമോന്‍സ്‌ട്രേറ്റര്‍ (ആര്‍എല്‍വി-ടിഡി) ന്റെ ഔദ്യോഗിക പരീക്ഷണങ്ങള്‍ തുടരുമെന്നാണ് അറിയുന്നത്.

അതേസമയം, നിലവിലെ റോക്കറ്റ് ജിഎസ്എല്‍വി എംകെ 3 ന്റെ( ഫാറ്റ് ബോയ്) താങ്ങാവുന്ന ഭാരം നാലു ടണ്ണില്‍ നിന്ന് 6.5 ടണ്ണാക്കുന്നതിനാണ് മുന്‍ഗണന എന്നും ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു. ഭാരമേറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ ഇപ്പോഴും യൂറോപ്യന്‍ സ്‌പേസ്‌പോര്‍ട്ടുകളെയാണ് ആശ്രയിക്കുന്നത്.