കണ്ണൂർ > കേരളത്തിന്റെ സുസ്ഥിരവികസനത്തിനുള്ള ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടുകളും ശുപാർശകളുമായി കരട് സഹകരണനയം എട്ടാമത് സഹകരണ കേൺഗ്രസിൽ അവതരിപ്പിച്ചു. സഹകരണമേഖലയെ പുതിയ കാലത്തിനനുസരിച്ച് മാറ്റാൻ പര്യാപ്തമാക്കുന്ന 15 ഉദ്ദേശ്യലക്ഷ്യങ്ങളും 21 ശുപാർശകളുമാണ് പുതിയ നയത്തിന്റെ കാതൽ. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കരട് അവതരിപ്പിച്ചത്.
കേരളത്തിലെ സഹകരണമേഖലക്ക് ആഗോളീകരണ നയങ്ങൾ ഉയർത്തിയ വെല്ലുവിളികളെ മറികടക്കാനുള്ള നിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് നയമെന്ന് കടകംപള്ളി പറഞ്ഞു.
ഐക്യകേരളപ്പിറവിക്ക് അറുപതാണ്ട് പിന്നിടുമ്പോഴാണ് വെല്ലുവിളികളെ അഭിമുഖീകരിക്കാൻ പര്യാപ്തമായ സമഗ്രനയം ഉണ്ടാകുന്നത്.
ഇത് ചരിത്രപരമായ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന ശുപാർശകൾ
1. സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ലാ ബാങ്കുകളെയും സംയോജിപ്പിച്ച് ഹ്രസ്വകാല വായ്പാഘടന പരിശോധിക്കുക.
2. കാർഷിക വായ്പ രണ്ടുവർഷത്തിനകം പത്തിൽനിന്ന് 25 ശതമാനവും ഘട്ടംഘട്ടമായി 50 ശതമാനവും ആക്കുക.
3. മൂല്യവർധനയിലൂടെ പ്രാദേശിക നാണ്യവിളകളുടെ കയറ്റുമതി വർധിപ്പിക്കുന്നതിന് സഹകരണ വിപണന സംഘങ്ങളുടെ പ്രവർത്തനം മാറ്റുക.
4. പാൽ ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കാൻ ഇടപെടുക.
5. മത്സ്യബന്ധനത്തിന് പ്രതികൂലമായ മാസങ്ങളിൽ മറ്റ് തൊഴിൽ ലഭ്യമാക്കി ഈ മേഖലയിൽ ഇടപെടുക. കൈത്തറി, കയർ, ചെറുകിട വ്യവസായമേഖലയിൽ കൂടുതൽ മാന്യമായ തൊഴിൽ സൃഷ്ടിക്കുക.
6. തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിൽ സഹകരണസംഘങ്ങളുടെ പരിധിയിൽ കൊണ്ടുവരിക.
7. സ്ത്രീശാക്തീകരണം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം എന്നിവ ശക്തമാക്കുന്നതിനുള്ള ഇടപെടൽ
8. കുട്ടികളിൽ സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് അവബോധം വളർത്തുക. വിദ്യാഭ്യാസ രംഗത്ത് കമ്പോള ശക്തികൾ നടത്തുന്ന ചൂഷണത്തിന് തടയിടുക.
9. പട്ടികജാതി, പട്ടികവർഗമേഖലയിലെ നൈപുണ്യനിലവാരം ഉയർത്തുക.
10. പ്രവാസിസഹകരണസംഘങ്ങൾ രൂപീകരിക്കുക.
11. ആശുപത്രി സഹകരണസംഘങ്ങൾ ശക്തമാക്കുക.
12. വിനോദസഞ്ചാര മേഖലയിലെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ ആ മേഖലയിലെ സംഘങ്ങളുടെ ഇടപെടൽ സക്രിയമാക്കുക.
13, തദ്ദേശ സ്ഥാപനങ്ങളും സഹകരണ മേഖലയുമായുള്ള സമന്വയം ശക്തമാക്കി വിത്ത്, വളം, കാർഷികോപകരണങ്ങൾ എന്നിവയുടെ സംഭരണത്തിനും വിപണത്തിനും പ്രയോജനപ്പെടുത്തുക.
14. പലവിധ സഹകരണസംഘങ്ങൾക്കായി അപ്പെക്‌സ് സഹകരണ ഫെഡറേഷൻ രൂപീകരിക്കുക.
15. ഓഹരിമൂലധനത്തിന്റെ 49 ശതമാനംവരെ ലാഭവിഹിതം നൽകാൻ വ്യവസ്ഥ കൊണ്ടുവരിക.
പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങൾ
1. സ്വതന്ത്രമായും സ്വയംഭരണാവകാശം നിലനിർത്തിയും പ്രവർത്തന സാഹചര്യം ഒരുക്കുക
2. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വികസനപദ്ധതികൾ നടപ്പാക്കാനുള്ള സംവിധാനമായി സഹകരണ സ്ഥാപനങ്ങളെ അംഗീകരിക്കുക
3. സമ്പദ്‌വ്യവസ്ഥയുടെ സമസ്ത മേഖലകളിലും ഊർജസ്വലമായ സഹകരണ പ്രസ്ഥാനം പടുത്തുയർത്തുക.
4. ഭരണനിർവഹണത്തിനായി സഹകരണമേഖലക്ക് വിവരസാങ്കേതിക വിദ്യ, പരിശീലനം, ഗവേഷണം എന്നിവയ്ക്ക് സംസ്ഥാന ബജറ്റിൽ തുക നീക്കിവയ്ക്കുക.
5.നിലവിലുള്ള നിയമനരീതിക്ക് ആവശ്യമായ
മാറ്റങ്ങൾ വരുത്തുക.
6. സഹകരണവകുപ്പിൽ പ്രൊഫഷണലിസം
നടപ്പാക്കുക
7. സഹകരണ സ്ഥാപനങ്ങളും തദ്ദേശസ്ഥാപനങ്ങളും യോജിച്ച് പ്രവർത്തിക്കാൻ അനുകൂല സാഹചര്യം ഒരുക്കുക.
8. സഹകരണ ഫെഡറേഷനുകളുടെയും ഫെഡറൽ സൊസൈറ്റികളുടെയും പ്രവർത്തനം
പുനർനിർവചിക്കുക