കൊച്ചി > വിദ്യാഭ്യാസരംഗത്തെ വർഗീയവൽക്കരണം വാണിജ്യവൽക്കരണത്തിന്റെ തുടർച്ചയാണെന്ന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. വാണിജ്യവൽക്കരണത്തിന്റെ ദൂഷ്യങ്ങളെ മറയ്ക്കാനാണ് വർഗീയതയെ ഉപയോഗിക്കുന്നത്. ഇതിന് ഏക മറുപടി മതനിരപേക്ഷതയിലൂന്നിയ പൊതുവിദ്യാഭ്യാസംമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് ചേർന്ന വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വാണിജ്യവർഗീയവൽക്കരണത്തിലൂന്നിയ വിദ്യാഭ്യാസത്തിന് ബദലെന്തെന്ന ചോദ്യത്തിന് കേരളത്തെ ചൂണ്ടിക്കാട്ടി ഇതാണ് ബദലെന്ന് പറയാൻ കഴിയുന്ന തരത്തിലേക്ക് വിദ്യാഭ്യാസമേഖലയെ വളർത്തണമെന്നും അദ്ദേഹം അധ്യാപകരോട് അഭ്യർഥിച്ചു. നവ ഉദാരനയങ്ങൾ അസമത്വമാണുണ്ടാക്കിയതെന്ന് അതിന്റെ ഉപജ്ഞാതാക്കൾപോലും പറഞ്ഞുതുടങ്ങി. ലോകത്തെ ഏഴു ശതമാനത്തിന്റെ കൈയിലാണ് ബഹുഭൂരിപക്ഷം സമ്പാദ്യവും. തങ്ങളുടെ ദുരിതത്തിന് കാരണം ഈ നയമാണെന്ന് തിരിച്ചറിയുന്ന 93 ശതമാനം ഒടുവിൽ മൂലധനനയത്തിനെതിരെ തിരിയുമെന്ന് സാമ്രാജ്യത്വം നേരത്തെതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. 93 ശതമാനത്തിന്റെ ഐക്യം തകർക്കാനാണ് നമ്മെ മതത്തിന്റെയും ജാതിയുടെയും വർഗീയതുടെയും പല തുരുത്തുകളിൽ കൊണ്ടുപോയി കെട്ടുന്നത്. വർഗീയതയ്ക്ക് അതുകൊണ്ടുതന്നെ വിശ്വാസവുമായി ഒരു ബന്ധവുമില്ല. വിഭജിച്ച് ചൂഷണംചെയ്യുക എന്ന മൂലധനത്തിന്റെ തന്ത്രമാണ് വർഗീയതയ്ക്ക് പിന്നിൽ. ഇത് ലോകത്ത് ഏതു പ്രശ്‌നമെടുത്താലും നമുക്ക് കാണാൻ കഴിയും.
വിദ്യാഭ്യാരംഗം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വിഷയം വർഗീയവൽക്കരണമാണ്. ഭരണവർഗ താൽപ്പര്യം സംരക്ഷിക്കുന്ന മനസുകളെ വളർത്തിയെടുക്കാനാണ് ഈ വിദ്യാഭ്യാസരീതികൊണ്ട് ലക്ഷ്യമിടുന്നത്. എന്നാൽ നാം മതനിരപേക്ഷ മനസുകളെ വാർത്തെടുക്കാൻ വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തണം. മതനിരപേക്ഷതയും സമത്വവും പ്രകൃതിനിയമങ്ങളാണെന്ന് കുട്ടികളെ മനസിലാക്കാൻ കഴിയും വിധം സ്‌കൂളിന്റെ അന്തരീക്ഷം മാറ്റിയെടുക്കണം.
അറിവിനെ ജ്ഞാനത്തിന്റെയും ചിന്തയുടെയും അന്വേഷണത്തിന്റെയും ഗവേഷണത്തിന്റെയും തലത്തിലേക്ക് വളർത്തിയെടുക്കാൻ കഴിയണം. ആശയം ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ജനതയേ മുന്നോട്ടു പോയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കെ കെ പ്രകാശൻ അധ്യക്ഷനായി.