തുടക്കം മോശമായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് നാടകീയ ജയം

ജൊഹന്നസ്ബര്‍ഗ്: മഴയും മിന്നലും മാറിമാറി കളിച്ച മത്സരത്തില്‍ ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റിന്‍റെ ജയം. നാലാം ഏകദിനത്തില്‍ മഴ മൂലം പുതുക്കി നിശ്ചയിച്ച 202 റണ്‍സ് വിജയലക്ഷ്യം 25.6 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പ്രോട്ടീസ് മറികടന്നു. ഡേവിഡ് മില്ലര്‍, ക്ലാസന്‍, ഫെലൂക്വായോ, ഡിവില്ലിയേഴ്സ് എന്നിവരുടെ വെടിക്കെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആവേശകരമായ വിജയം സമ്മാനിച്ചത്. ഇതോടെ പിങ്ക് ജേഴ്സിയില്‍ കളിച്ച മത്സരങ്ങളൊന്നും പരാജയപ്പെടാത്ത ടീം എന്ന ചരിത്രം ദക്ഷിണാഫ്രിക്ക നിലനിര്‍ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തിരുന്നു. കരിയറിലെ നൂറാം ഏകദിനത്തിലാണ് ധവാന്‍ 13-ാം ശതകം സ്വന്തമാക്കിയത്. ഇതോടെ നൂറാം മത്സരത്തില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം ധവാന്‍ നേടി.എന്നാല്‍ 290 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്‍റെ തുടക്കവും മോശമായിരുന്നു. ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രാമിനെ(22) ബൂംമ്ര മടക്കുമ്പോള്‍ ടീം സ്കോര്‍ 43. പിന്നാലെ കനത്ത ഇടിമിന്നലും മഴയുമെത്തിയതോടെ മത്സരം നിര്‍ത്തിവെച്ചു.

പിന്നീട് മഴ മൂലം ദക്ഷിണാഫ്രിക്കന്‍ വിജയലക്ഷ്യം 28 ഓവറില്‍ 202 റണ്‍സായി വെട്ടിച്ചുരുക്കി.16-ാം ഓവറില്‍ ചഹലിനെ തുടര്‍ച്ചയായ സിക്സുകള്‍ക്ക് എബിഡി പറത്തിതോടെ ജൊഹന്നസ്ബര്‍ഗ് വെടിക്കെട്ടിന് തുടക്കം. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ 18 പന്തില്‍ 26 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ പാണ്ഡ്യ പുറത്താക്കിയതോടെ ഇന്ത്യ അമ്പത് ശതമാനം വിജയം ഉറപ്പിച്ചു. അവിടം കൊണ്ടും നായകീയത അവസാനിച്ചില്ല. 18-ാം ഓവറിലെ അവസാന പന്തില്‍ ആറ് റണ്‍സ് മാത്രമെടുത്ത മില്ലറെ ചഹല്‍ പുറത്താക്കി. എന്നാല്‍ അംപയര്‍ നോ ബോള്‍ വിളിച്ചതോടെ മടങ്ങിയെത്തിയ മില്ലര്‍ ഇന്ത്യക്കു തിരിച്ചടി നൽകി.

അടുത്ത ഓവറില്‍ പാണ്ഡ്യയ്ക്കെതിരെ തുടര്‍ച്ചയായ മൂന്ന് ഫോറുകളടിച്ച് മില്ലര്‍ ഫോമിലായി.മഴയില്‍ കുതിര്‍ന്ന പിച്ചില്‍ ഫീല്‍ഡര്‍മാരുടെ കൈസഹായം കൂടിയായതോടെ ദക്ഷിണാഫ്രിക്ക അതിവേഗം സ്കോര്‍ ഉയര്‍ത്തി.28 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 39 റണ്‍സായിരുന്നു മില്ലറുടെ സംഭാവന.