കൊഹ്‌ലിയുടെ ഫിറ്റ്‌നസ് അനുകരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്; സ്വപ്‌നങ്ങള്‍ തുറന്നുപറഞ്ഞ് ശുഭ്മാന്‍ ഗില്‍

ഇന്ത്യയുടെ അണ്ടര്‍19 ലോകകപ്പില്‍ ഉപനായകനായിരുന്നു ശുഭ്മാന്‍ ഗില്‍. മത്സരത്തിലും മികച്ച പ്രകടനം കാഴ്ച്ച വെച്ചത് ഗില്ലായിരുന്നു. സെമിഫൈനലില്‍ പാകിസ്താനെതിരെ ശുഭ്മാന്‍ നേടിയ 102 റണ്‍സാണ് ഇന്ത്യയ്ക്ക് ഫൈനലില്‍ എത്താന്‍ കരുത്തായത്. ഒരു സെഞ്ചുറിയും 3 അര്‍ധ സെഞ്ചുറികളുമടക്കം 372 റണ്‍സാണ് 18 കാരനായ ശുഭ്മാന്‍ അടിച്ചു കൂട്ടിയത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുളള പുരസ്‌കാരവും ഗില്ലിനെ തേടിയെത്തി.

‘കൊഹ്‌ലി എന്റെ ആരാധനാപാത്രമാണ്. ഇപ്പോഴത്തെ ജനറേഷനിലെ ക്രിക്കറ്റ് താരങ്ങള്‍ അദ്ദേഹത്തെയാണ് നോക്കി പഠിക്കുന്നതും അദ്ദേഹത്തെപ്പോലെയാകാനാണ് ആഗ്രഹിക്കുന്നതും. കൊഹ്‌ലിയുടെ ഫിറ്റ്‌നസ് ഞാനും അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ അദ്ദേഹത്തെപ്പോലെയാകാന്‍ ഇനിയും ഒരുപാട് കാലം വേണ്ടിവരും. കൊഹ്‌ലിയുമായി എന്നെ താരതമ്യം ചെയ്യരുത്’.

ശുഭ്മാന്റെ ബാറ്റിങ് ശൈലിയെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയോടാണ് പലരും താരതമ്യപ്പെടുത്തുന്നത്. പക്ഷേ കൊഹ്‌ലിയോട് താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ ശുഭ്മാന്‍ പറഞ്ഞത് ഇതാണ്, വിരാട് കൊഹ്‌ലിയെ ഏറെ ഇഷ്ടപ്പെടുന്ന ശുഭ്മാന്‍ ഗില്‍ തനിക്കൊരു സ്വപ്നമുണ്ടെന്നും വെളിപ്പെടുത്തി. ‘ഒരു ദിവസം വിരാട് കൊഹ്‌ലിയുടെ നായകത്വത്തില്‍ കളിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു ഭാഗ്യമായിരിക്കും’ ശുഭ്മാന്‍ ഗില്‍ പറഞ്ഞു.