ജറുസലേമിനെക്കുറിച്ച് മിണ്ടാതെ പലസ്‌തീനുവേണ്ടി മോഡി

Sunday Feb 11, 2018
വെബ് ഡെസ്‌ക്‌

റമല്ല > സ്വതന്ത്ര പലസ്തീൻ ഉടൻ യാഥാർഥ്യമാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇസ്രയേലുമായുള്ള പ്രശ്‌നപരിഹാരത്തിന് ചർച്ചയിലൂടെ പരിഹാരം കാണാൻ മോഡി നിർദ്ദേശിച്ചു. എന്നാൽ, ജറുസലേമിന്റെ പദവി സംബന്ധിച്ച് പരാമർശിക്കാൻ മോഡി തയ്യാറായില്ല. ത്രിരാഷ്ട്ര പര്യടനത്തിനിടെയാണ് പലസ്തീനിലെത്തിയ മോഡി ഇരുരാജ്യവും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് പറഞ്ഞു. 1967ലെ അതിർത്തികളും കിഴക്കൻ ജറുസലേം തലസ്ഥാനമായും അംഗീകരിച്ചുകൊണ്ടുള്ള സ്വതന്ത്ര പരമാധികാര പലസ്തീൻ എന്ന ആവശ്യത്തിനൊപ്പമാണ് എക്കാലവും ഇന്ത്യ. രാഷ്ട്രപതിയായിരിക്കേ പ്രണബ് മുഖർജി പലസ്തീൻ ഈ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ മോഡി മൗനം പാലിച്ചു. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി അന്താരാഷ്ട്രതലത്തിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ മോഡി ഇതേക്കുറിച്ച് മിണ്ടാത്തത് ബോധപൂർവമാണെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ജൂലൈയിൽ ഇസ്രയേൽ സന്ദർശിച്ച മോഡി അന്ന് പലസ്തീൻ സന്ദർശിക്കാൻ തയ്യാറായിരുന്നില്ല. ഇന്ത്യയുടെ പരമ്പരാഗത പലസ്തീൻ അനുകൂല നയത്തിൽനിന്ന് വ്യതിചലിച്ച് ഇസ്രയേൽ അനുകൂല നിലപാട് സ്വീകരിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. ഇന്ത്യയിലും അന്താരാഷ്ട്രസമൂഹത്തിലും മോഡി സർക്കാരിന്റെ സയണിസ്റ്റ് അനുകൂല നിലപാട് ചർച്ചാവിഷയമായി. ഈ സാഹചര്യത്തിലാണ് പലസ്തീനെ ആശ്വസിപ്പിക്കാനുള്ള നിലപാടിലേക്ക് മോഡി എത്തിയത്.

പലസ്തീനെ അംഗീകരിക്കുകയും നയതന്ത്രബന്ധം സ്ഥാപിക്കുകയുംചെയ്ത ആദ്യ അറബ് ഇതര രാജ്യമാണ് ഇന്ത്യ. പലസ്തീനുള്ള തങ്ങളുടെ പിന്തുണ തകരാത്തതും അചഞ്ചലവുമാണ്. അതിനാലാണ് താൻ എത്തിയത്. റമല്ലയിൽ  ടെക്‌നോളജി പാർക്ക് പൂർത്തിയാകുമ്പോൾ നിരവധി തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നും മോഡി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയടക്കം ആറ് പ്രധാന കരാറുകളിൽ ഒപ്പുവച്ചു. ആരോഗ്യമേഖലയിലും സ്ത്രീശാക്തീകരണത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇന്ത്യ നിക്ഷേപം നടത്തുമെന്നും മോഡി പറഞ്ഞു. ബെയ്ത് സഹോറിൽ സൂപ്പർസ്‌പെഷ്യാലിറ്റി ആശുപത്രി, വനിതാ ശാക്തീകരണത്തിനായി റമല്ലയിൽ നാഷണൽ പ്രിന്റിങ് പ്രസ് എന്നിവ തുടങ്ങാനും ധാരണയായി.

പലസ്തീൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ മോഡി ജോർദാൻ തലസ്ഥാനമായ അമ്മാനിൽനിന്ന് പ്രത്യേക കോപ്റ്ററിലാണ് റമല്ലയിലെത്തിയത്. മുൻ പ്രസിഡന്റ് യാസർ അറഫാത്തിന്റെ ശവകുടീരത്തിൽ മോഡി പുഷ്പചക്രം അർപ്പിച്ചു. പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി മോഡി മൂന്നു മണിക്കൂർ കൂടിക്കാഴ്ച നടത്തി. പരമോന്നത ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദ സ്റ്റേറ്റ് ഓഫ് പലസ്തീൻ മോഡിക്ക് അബ്ബാസ് സമ്മാനിച്ചു. ഇന്ത്യ സ്വീകരിച്ച നിലപാടിനെ പലസ്തീൻ വിലമതിക്കുന്നുവെന്നും ഇന്ത്യപലസ്തീൻ ബന്ധം സുദീർഘമായിരിക്കാൻ പ്രത്യാശിക്കുന്നുവെന്നും പ്രസിഡന്റ് അബ്ബാസ് പറഞ്ഞു. വെള്ളിയാഴ്ച ജോർദാനിൽ അബ്ദുല്ല രണ്ടാമൻ രാജാവുമായും മോഡി കൂടിക്കാഴ്ച നടത്തി

Tags :
നരേന്ദ്ര മോഡി പലസ്തീൻ