കെഎസ്‌ടിഎ സമ്മേളനം സമാപിച്ചു

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കുക

Sunday Feb 11, 2018
വെബ് ഡെസ്‌ക്‌

കൊച്ചി > ജനകീയ ഇടപെടലോടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കണമെന്ന ആഹ്വാനത്തോടെ കെഎസ്‌ടിഎ 27ാം സംസ്ഥാന സമ്മേളനം സമാപിച്ചു.

മതനിരപേക്ഷ വിദ്യാഭ്യാസത്തിലൂടെ കേരളത്തെ മാതൃകാസംസ്ഥാനമാക്കാനുള്ള പ്രവർത്തനങ്ങൾക്കും സമ്മേളനം രൂപംനൽകി. അധ്യാപകസമൂഹത്തിന്റെ സേവനവേതന വ്യവസ്ഥ പരിരക്ഷിക്കുന്നതടക്കം വിദ്യാഭ്യാസമേഖലയിലെ വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ച പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. രാവിലെ പ്രതിനിധിസമ്മേളനം കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റായി കെ ജെ ഹരികുമാറിനെയും ജനറൽ സെക്രട്ടറിയായി കെ സി ഹരികൃഷ്ണനെയും തെരഞ്ഞെടുത്തു. ഭാരവാഹികളടക്കം 31 അംഗ എക്‌സിക്യൂട്ടീവിനെയും 85 അംഗ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. പ്രവർത്തനറിപ്പോർട്ടിലും വിദ്യാഭ്യാസരേഖയിലും നടന്ന ചർച്ചകൾക്ക് ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ മറുപടി നൽകി.

തുടർന്ന് ചേർന്ന വിദ്യാഭ്യാസ സാസ്‌കാരിക സമ്മേളനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ പ്രകാശൻ അധ്യക്ഷനായി. യോഗത്തിൽ ഡോ.കെ കെ ദാമോദരൻ (ജനറൽ സെക്രട്ടറി, എകെജിസിടിഎ), ഡോ.  കെ എൽ വിവേകാനന്ദൻ (ജനറൽ സെക്രട്ടറി, എകെപിസിടിഎ), എ ശ്രീകുമാർ  (ജനറൽ സെക്രട്ടറി, എകെഎസ്ടിയു), റോയ് ബി ജോൺ (ജനറൽ സെക്രട്ടറി, കെഎസ്ടിസി), കെ രാധോമോഹൻ (പ്രസിഡന്റ്, കെപിടിഎ) തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി കെ സി അലി ഇക്ബാൽ സ്വാഗതവും വൈസ് പ്രസിഡന്റ് പി വേണുഗോപാൽ നന്ദിയും പറഞ്ഞു. കെസി അലി ഇക്ബാൽ പ്രമേയവും സംസ്ഥാന സെക്രട്ടറി ബി സുരേഷ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.

സർവീസിൽനിന്നു വിരമിച്ച അധ്യാപകജീവിതത്തിലും സംഘടനാരംഗത്തും സജീവമായ 14 പേരെ സമ്മേളനം ആദരിച്ചു. യാത്രയയപ്പ് സമ്മേളനം അഖിലേന്ത്യാ കർഷകത്തൊഴിലാളി തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എ വിജയരാഘവൻ ഉദ്ഘാടനംചെയ്തു.

സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡി വിമല, കെ അച്ചുതൻകുട്ടി, പി പി രഘുനാഥ്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി ആർ വസന്തകുമാർ, പ്രേമൻ പരുത്തിക്കാട്, ബേബി മാത്യു, എ കെ സദാനന്ദ, കെ ഗോപാലൻ, എം എം സീനത്ത് ബീവി, എം കെ രാജു, ഇ സാബിറാ ബീവി, പി വി സേതുമാധവൻ, എം കാർത്യായനി, കെ എൻ മധുസൂദനൻ എന്നിവരെ പൊന്നാട അണിയിച്ചു. കെഎസ്ടിഎയുടെ ഉപഹാരവും കൈമാറി. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ സി  ഹരികൃഷ്ണൻ സ്വാഗതവും  ടി വി പീറ്റർ നന്ദിയും പറഞ്ഞു. ആദരം ഏറ്റുവാങ്ങിയ അധ്യാപകർ തങ്ങളുടെ സമര, സംഘടനാ പ്രവർത്തന അനുഭവങ്ങൾ പങ്കുവച്ചു.

Tags :
കെഎസ്‌ടിഎ