ബില്ലുകള്‍ അടയ്ക്കാന്‍ ക്യു ആര്‍ കോഡ്

Sunday Feb 11, 2018
വിശാല്‍ ആനന്ദ് കന്‍വതി

നിങ്ങള്‍ക്കു കിട്ടുന്ന ഫോണ്‍ബില്ലിന്റെ കവര്‍ തുറക്കുകപോലും ചെയ്യാതെ അതിനു പുറത്തുള്ള ക്യൂ ആര്‍ കോഡ് സ്കാന്‍ചെയ്ത് പണമടയ്ക്കുക എന്നത് ഏതാനും വര്‍ഷം മുമ്പുവരെ ഭാവനയില്‍പ്പോലും കാണാനാവുമായിരുന്നില്ലല്ലോ? എന്നാല്‍ ഡിജിറ്റല്‍ പേമെന്റ്രംഗത്തെ ആകെ മാറ്റിമറിച്ചാണ് ക്യുക് റെസ്പോണ്‍സ് കോഡ് എന്ന ക്യു ആര്‍ കോഡ് വളരുന്നത്. പരമ്പരാഗത പിഒഎസ് മെഷീനുകളുടെയും ആധുനിക എം-പിഒഎസ് മെഷീനുകളുടെയും  സ്ഥാനത്ത് വളരെ ലളിതമായി ഉപയോഗിക്കാവുന്ന ക്യു ആര്‍ കോഡ് രീതി വ്യാപകമാകുകയാണ്. പഴയ ബാര്‍കോഡുകളോടു സാമ്യമുള്ള ഈ ക്യു ആര്‍ കോഡ് തൊണ്ണൂറുകളുടെ പകുതിയില്‍ ജപ്പാനിലാണ് വികസിപ്പിച്ചെടുത്തത്. 4296 ആല്‍ഫാ ന്യൂമറിക് കാരക്ടറുകള്‍വരെ ശേഖരിച്ചുവയ്ക്കാന്‍ കഴിവുള്ള ക്യു ആര്‍ കോഡുകള്‍ ഏതു ദിശയില്‍നിന്നും സ്കാന്‍ചെയ്യാനും അതിനു തുടര്‍ച്ചയായി പണമടയ്ക്കല്‍ നടത്താനും കഴിയും എന്നതാണ് അവയെ കൂടുതല്‍ ലളിതമാക്കുന്നത്. തുടക്കത്തില്‍ വാഹനങ്ങളെ തിരിച്ചറിയുന്നതിനായി അവയുടെ നിര്‍മാണവേളയില്‍ ഉപയോഗിച്ചിരുന്ന ക്യു ആര്‍ കോഡുകളാണ് ഇന്നു ബില്ലുകള്‍ അടയ്ക്കുന്നതിനു വ്യാപകമായി ഉപയോഗിക്കുന്നത്.

പണമടയ്ക്കലിനായി ആധുനിക ഉപകരണങ്ങളും ആപ്പുകളും വന്നതോടെയാണ് ഈ രംഗത്ത് ക്യു ആര്‍ കോഡുകളുടെ പ്രചാരം കുതിച്ചുയര്‍ന്നത്. അവയുടെ കുറഞ്ഞ ചെലവും ഗുണകരമായി. ഉദാഹരണത്തിന് ഒരു കച്ചവടക്കാരന് പിഒഎസ് മെഷീന്‍ സ്ഥാപിക്കാനായി 12,000 രൂപയോളമാണു ചെലവുവരിക. ഇനി എംപിഒഎസ് മെഷീനാണെങ്കില്‍പ്പോലും 5000 രൂപയോളം വരും. ഒരു ക്യു ആര്‍ പ്രിന്റൌട്ടെടുത്തു പ്രദര്‍ശിപ്പിക്കുന്ന ചെലവില്‍ ഇവയെല്ലാം നിര്‍വഹിക്കാമെന്നതാണ് ഇത് ശ്രദ്ധേയമാക്കുന്നത്. കച്ചവടക്കാര്‍ക്ക് തുടക്കത്തില്‍ ഉണ്ടാകുന്ന ചെലവുകള്‍ ഗണ്യമായി കുറയ്ക്കുന്ന ഒരു രീതിയാണിത്. അതോടൊപ്പംതന്നെ പുതുതലമുറ ഉപയോക്താക്കളെ ആകര്‍ഷിക്കുകയും ചെയ്യാമെന്ന നേട്ടവുമുണ്ട്്. തങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട ഒരു വിവരവും ക്യു ആര്‍ കോഡ് പണമടയ്ക്കലിനായി എവിടെയെങ്കിലും അടിച്ചുകൊടുക്കേണ്ടതില്ല. ഇടപാടുകളുമായി ബന്ധപ്പെട്ട് തെറ്റുകള്‍ സംഭവിക്കാനുള്ള സാധ്യതകൂടിയാണ് ഇതിലൂടെ ഒഴിവാകുന്നത്.

ക്യു ആര്‍ കോഡുകളുടെ ഉപയോഗം വ്യാപകമായതോടെ ഇന്ത്യയിലും ഇതുപയോഗിച്ച് പണമടയ്ക്കുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്്. വിവിധ സേവനങ്ങള്‍ക്കുള്ള ബില്ലുകള്‍, ഭക്ഷണം, പലചരക്ക്, യാത്രാചെലവ് എന്നിവയ്ക്കെല്ലാം പണമടയ്ക്കാന്‍ ഇപ്പോള്‍ ക്യു ആര്‍ കോഡുകള്‍ വിപുലമായി പ്രയോജനപ്പെടുത്തുന്നുണ്ട്. തങ്ങളുടെ കാര്‍ഡുകള്‍ സ്വയ്പ്ചെയ്യാതെ പണമടയ്ക്കാന്‍ ഇത് ഉപയോക്താക്കള്‍ക്ക് സഹായകമാകുന്നു. ഉപയോക്താവുതന്നെ സ്കാന്‍ചെയ്യുന്നതിനാല്‍ ഡാറ്റകള്‍ നഷ്ടമാകുകയോ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകുകയോ ചെയ്യാനുള്ള സാധ്യതകള്‍ കുറയ്ക്കാനും ഈ പണമടയ്ക്കല്‍ സഹായിക്കുന്നു.

വിവിധ എടിഎം ശൃംഖലകള്‍ ഉപയോഗിക്കുന്ന രീതിയില്‍ വിവിധ ക്യു ആര്‍ കോഡ് സംവിധാനങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തി ഉപയോഗിക്കാനാവുന്നതും വിവിധ പണമടയ്ക്കല്‍ സംവിധാനങ്ങളുമായി ക്യു ആര്‍ കോഡ് സംവിധാനത്തെ ബന്ധപ്പെടുത്തുന്നതും ഈ രംഗത്ത് കൂടുതല്‍ വളര്‍ച്ച സാധ്യമാക്കും.

(ലേഖകന്‍ നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റാണ്)
 

Tags :
QR code ക്യൂ ആര്‍ കോഡ്