ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇന്ത്യക്കാരുടെ പേരിൽ നന്ദി :ദുബായ് ഇന്ത്യക്കാരുടെ രണ്ടാം വീട് : അബൂദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രത്തിന് തറക്കല്ലിട്ട പ്രധാനമന്ത്രിയുടെ വാക്കുകൾ

അബൂദാബി: 30 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് സ്വന്തം വീടിനു സമമായ അന്തരീക്ഷമൊരുക്കിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നന്ദി പറയുന്നതായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന സ്ഥലമാണ് യുഎഇയുടെ തലസ്ഥാനമായ അബുദാബി. അബൂദബി അല്‍ റഹ്ബയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ പ്രതീകാത്മക ശിലാന്യാസം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

2022-ഓടെ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. യുഎഇയില്‍ നിലവില്‍ ദുബായില്‍ മാത്രമാണ് ഒരു ഹിന്ദു ക്ഷേത്രമുളളത്.ക്ഷേത്ര നിര്‍മാണത്തിന് മുന്‍കയ്യെടുത്ത യു.എ.ഇ ഭരണാധികാരികള്‍ക്ക് 125 കോടി ഇന്ത്യക്കാരുടെ പേരില്‍ നന്ദി അറിയിക്കുന്നതായും മോദി വ്യക്തമാക്കി.ദുബായിലെ ഓപറ ഹൗസില്‍ ഇന്ത്യന്‍ സമൂഹവുമായി നടത്തുന്ന സംവാദ പരിപാടിയിലാണ് മോദി ശിലാന്യാസം നടത്തിയത്. ഇതിന് പിന്നാലെ ക്ഷേത്രഭൂമിയില്‍ സ്വാമിമാരുടെ നേതൃത്വത്തില്‍ ഭൂമിപൂജ ആരംഭിച്ചു.

അബൂദാബിയില്‍ യു എ ഇ സൈനികരുടെ രക്തസാക്ഷി സ്മാരകമായ വഹത് അല്‍ കറാമയില്‍ സന്ദര്‍ശനം നടത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദുബായിലെത്തിയത്. 26 രാഷ്ട്രതലവന്‍മാരും 2000 ലധികം പ്രതിനിധികളും പങ്കെടുക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ മുഖ്യാതിഥിയായി മോദി ഇന്ന് പങ്കെടുക്കും.