ഇന്ത്യയ്ക്ക് 2023 ലോകകപ്പ് നഷ്ടമായേക്കും; ഞെട്ടിക്കുന്ന തീരുമാനവുമായി ഐസിസി

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് വന്‍ നിരാശ നല്‍കുന്ന തീരുമാനവുമായി ഐസിസി. 2023ല്‍ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഐസിസി ഏകദിന ലോകകപ്പ് വേദിമാറ്റിയേക്കുമെന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് ഐസിസി ബിസിസിഐക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ ടൂര്‍ണമെന്റിന്റെ നികുതിയില്‍ ഇളവ് നല്കാന്‍ തയാറാകാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ലോകകപ്പ് കൂടാതെ 2021ല്‍ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ചാംപ്യന്‍സ് ട്രോഫിയും ഇക്കാരണത്താല്‍ ഇന്ത്യയ്ക്ക് നഷ്ടമായേക്കും.

ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് വേദിയാകുന്ന രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നികുതിയിളവ് നല്‍കാറുണ്ട്. എന്നാല്‍ 2021ലെ ചാമ്പ്യന്‍സ് ട്രോഫിയിലും 2023 ലെ ഏകദിന ലോകകപ്പിലും ഇതുവരെ അത്തരത്തിലൊരു വാഗ്ദാനവും ഐസിസിക്ക് ബിസിസിഐയില്‍ നിന്നും ലഭിച്ചിട്ടില്ല.

അതേസമയം, ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ബിസിസിഐ ചര്‍ച്ചകള്‍ തുടരും. ക്രിക്കറ്റിലെ ഈ രണ്ട് വമ്പന്‍ ടൂര്‍ണമെന്റുകളും ഇന്ത്യയില്‍ നടത്താനാകാതെ വന്നാല്‍ കനത്ത തിരിച്ചടിയാകും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും, ബിസിസിഐക്കും ഉണ്ടാവുക.