കെയ്നടിച്ചു, അഴ്സണൽ വീണു

Sunday Feb 11, 2018
വെബ് ഡെസ്‌ക്‌

ലണ്ടൻ > അവസാന ഘട്ടത്തിൽ ആഞ്ഞടിച്ചെങ്കിലും അഴ്സണൽ  ടോട്ടനം ഹോട്സ്പറിനോട് തോറ്റു (1‐0). ജയത്തോടെ ടോട്ടനം പോയിന്റ് പട്ടികയിൽ ലിവർപൂളിനെ മറികടന്ന് മൂന്നാമതെത്തി. 27 കളിയിൽ 52 പോയിന്റാണ് ടോട്ടനത്തിന്. 45 പോയിന്റുള്ള അഴ്സണൽ ആറാമത് തുടർന്നു. ആദ്യനാലിൽ ഇടംപിടിക്കാനുള്ള അഴ്സണലിന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായി ഈ തോൽവി.

ഹാരി കെയ്ൻ നേടിയ ഗോളിലാണ് ടോട്ടനം ജയം കുറിച്ചത്. വെംബ്ലിയിൽ നടന്ന മത്സരത്തിന്റെ ആദ്യഘട്ടം ടോട്ടനം നിറഞ്ഞു. പിയറി എമെറിക് ഒബമെയാങ്, ഹെൻറിക് മികിതര്യാൻ എന്നീ പുതിയ കളിക്കാരുമായി ഇറങ്ങിയ അഴ്സണലിന് കാര്യമായ ചലനമുണ്ടാക്കാനായില്ല. മികിതര്യാൻ അഴ്സണൽ കുപ്പായത്തിൽ മങ്ങിയ തുടക്കമാണ് കുറിച്ചത്. രണ്ടാംമത്സരത്തിൽ ഇറങ്ങിയ ഒബമെയാങ്ങിനും തിളങ്ങാനായില്ല. കഴിഞ്ഞ മത്സരത്തിൽ  എവർട്ടണെ അഞ്ച് ഗോളിന് തകർത്തതിന്റെ നിഴൽരൂപമായിരുന്നു ഇക്കുറി അഴ്സണൽ മുന്നേറ്റനിര.

വെംബ്ലിയിൽ ടോട്ടനത്തിന്റേത് മികച്ച തുടക്കമായിരുന്നു. പക്ഷേ, മികച്ച അവസരങ്ങൾ അവർ പാഴാക്കി. കളി തുടങ്ങി അരമണിക്കൂറിനുള്ളിൽ ക്രിസ്റ്റ്യൻ എറിക്സന്റെ മികച്ച ക്രോസ് കെയ്ൻ പാഴാക്കി. ബോക്സിനടുത്തായിരുന്നു കെയ്ൻ. പന്ത് കൃത്യമായി തലയിൽ കിട്ടി. പക്ഷേ, ബാറിന് മുകളിലേക്കാണ് കുത്തിയിട്ടത്.  പിന്നാലെ എറിക്സന്റെ മറ്റൊരു മികച്ച നീക്കം ഡെല്ലെ ആല്ലിയും പാഴാക്കി. മറുവശത്ത് മികിതര്യാനാണ് അഴ്സണലിന്റെ താളംതെറ്റിച്ചത്. നിർണായക ഘട്ടത്തിൽ ഈ അർമേനിയക്കാരന്റെ ക്രോസുകൾ ലക്ഷ്യം തെറ്റിയകന്നു.

ഇടവേളയ്ക്കുശേഷം ടോട്ടനം മുന്നിലെത്തി. ഇടതുവശത്ത് ഡേവിയസിന്റെ കുതിപ്പ്. അഴ്സണൽ പ്രതിരോധത്തിന്റെ വെല്ലുവിളിയുണ്ടായില്ല. ഡേവിയസ് ക്രോസ് പായിച്ചു. കെയ്ൻ കൃത്യമായി തലവച്ചു. അഴ്സണൽ ഗോൾകീപ്പർ പീറ്റർ ചെക്ക് അതിനുമുന്നിൽ നിഷ്പ്രഭനായി. ഈ സീസണിൽ കെയ്നിന്റെ ഇരുപത്തിമൂന്നാം ഗോളാണിത്.

ഗോൾവീണശേഷം അഴ്സണൽ തിരിച്ചടിക്കാൻ ആഞ്ഞുശ്രമിച്ചു. മികിതര്യാന് പകരം ലകാസട്ടെ വന്നു. കളിയിൽ പുരോഗതിയുണ്ടായി. പക്ഷേ, ഗോൾമാത്രം പിറന്നില്ല.

Tags :
അഴ്സണൽ ടോട്ടനം