ജംഷെഡ്പുർ > നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒരു ഗോളിന് കീഴടക്കി ജംഷെഡ്പുർ എഫ്സി ഐഎസ്എൽ പ്ലേ ഓഫ് സാധ്യത സജീവമാക്കി. 15 കളിയിൽ 25 പോയിന്റുമായി ജംഷെഡ്പുർ മൂന്നാംസ്ഥാനത്തേക്കുയർന്നു. ഒമ്പത് കളി തോറ്റ നോർത്ത് ഈസ്റ്റിന്റെ സാധ്യതകൾ അവസാനിച്ചു.
കളിയിൽ നോർത്ത് ഈസ്റ്റിനായിരുന്നു മുൻതൂക്കം. പക്ഷേ, മികച്ച പ്രത്യാക്രമണത്തിലൂടെ ജംഷെഡ്പുർ ഗോളടിച്ചു. രണ്ടാംപകുതിയിൽ വെല്ലിങ്ടൺ പ്രിയോറിയാണ് ജംഷെഡ്പുരിന്റെ വിജയം കുറിച്ചത്. അതുവരെ കളിയിൽ നിയന്ത്രണമുണ്ടായിരുന്ന നോർത്ത് ഈസ്റ്റ് അതോടെ പതറി. അവസാന നിമിഷം സമനിലയ്ക്കുവേണ്ടി ആഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇന്ന് രണ്ട് മത്സരങ്ങളാണ് ഐഎസ്എലിൽ. മുംബൈ സിറ്റി എഫ്സി പുണെ സിറ്റിയെയും ഡൽഹി ഡൈനാമോസ് ചെന്നൈയിൻ എഫ്സിയെയും നേരിടും. പുണെയെ നേരിടുന്ന മുംബൈക്ക് നിർണായകമാണ്. ഇന്ന് ജയിക്കാനായില്ലെങ്കിൽ മുംബൈയുടെ സാധ്യതകൾ അവസാനിക്കും. ഡൽഹിക്കെതിരെ ജയംനേടിയാൽ ചെന്നൈയിന് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കാം.