
ന്യൂഡൽഹി > സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 1999നുശേഷം ആദ്യമായി ത്രൈമാസ കണക്കിൽ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ ഡിസംബറിൽ അവസാനിച്ച മൂന്നുമാസം എസ്‌ബിഐയുടെ നഷ്ടം 2416 കോടി രൂപയാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 2610 കോടി രൂപ ലാഭത്തിലായിരുന്നു. കിട്ടാക്കടം പെരുകുന്നതും ബോണ്ടുകളിൽനിന്നുള്ള വരുമാനം കുറഞ്ഞതും ആസ്തിമൂല്യത്തിലെ ഇടിവുമാണ് നഷ്ടത്തിലേക്ക് നയിച്ചതെന്ന് ബാങ്ക് അധികൃതർ പ്രതികരിച്ചു. ലോകത്തെ ഏറ്റവും വലിയ 500 ബാങ്കുകളുടെ പട്ടികയിലേക്ക് എസ്ബിഐയെ ഉയർത്താനെന്ന പേരിൽ അസോസിയറ്റ് ബാങ്കുകളെ ലയിപ്പിച്ചശേഷമാണ് ഭീമമായ നഷ്ടം സംഭവിച്ചത്. എസ്ബിഐക്ക് ഇതിനുമുമ്പ് നേരിട്ട ത്രൈമാസനഷ്ടം 1999 ജനുവരി മാർച്ചിൽ 115 കോടി രൂപയുടേതാണ്.
കഴിഞ്ഞ ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ എസ്ബിഐയുടെ വരുമാനം 62,887 കോടി രൂപയായിരുന്നു. കിട്ടാക്കടത്തിന്റെ അനുപാതം 5.61 ശതമാനമായി. കഴിഞ്ഞവർഷം ഇതേകാലയളവിൽ ഇത് 4.24 ശതമാനമായിരുന്നു. മൊത്തത്തിലുള്ള കിട്ടാക്കടത്തിന്റെ അനുപാതം 7.23 ശതമാനത്തിൽനിന്ന് ഒരു വർഷത്തിനുള്ളിൽ 10.35 ശതമാനമായി കുതിച്ചുയർന്നു. തുക പരിഗണിക്കുമ്പോൾ കിട്ടാക്കടം 61,430 കോടി രൂപയിൽനിന്ന് 1,02,370 കോടി രൂപയായി പെരുകി. പലിശേതര വരുമാനത്തിൽ 29.75 ശതമാനത്തിന്റെ ഇടിവുണ്ടായി. ഫീസിതര വരുമാനം 18.38 ശതമാനം കുറഞ്ഞു. അതേസമയം, ഫീസുകളിൽനിന്നുള്ള വരുമാനത്തിൽ 5.71 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി.
കിട്ടാക്കടം പെരുകിയ സാഹചര്യത്തിൽ മറ്റൊരു പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ത്രൈമാസ ലാഭത്തിൽ 56 ശതമാനം ഇടിവുണ്ടായി. 2016 ഒക്ടോബർ ഡിസംബറിൽ ബാങ്ക് ഓഫ് ബറോഡയുടെ ലാഭം 253 കോടി രൂപയായിരുന്നെങ്കിൽ കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 118 കോടി രൂപയായി. 2016ലെ ഇതേ കാലത്തെ കിട്ടാക്കടം 1638 കോടി രൂപയായിരുന്നെങ്കിലും കഴിഞ്ഞവർഷം ഇത് 3155 കോടിയായി. മൊത്തം കിട്ടാക്കടത്തിന്റെ തോത് ഒരു വർഷത്തിനുള്ളിൽ 1.7 ശതമാനത്തിൽനിന്ന് 4.7 ശതമാനമായി ഉയർന്നു. 2016 അവസാനം ബാങ്ക് ഓഫ് ബറോഡയുടെ മൊത്തം കിട്ടാക്കടം 19,852 കോടിയായിരുന്നെങ്കിൽ 2017 അവസാനിച്ചപ്പോൾ 48,480 കോടി രൂപയായി ഉയർന്നു.
രാജ്യത്തെ സമ്പദ്ഘടനയുടെ മങ്ങിയ ചിത്രമാണ് ബാങ്കുകളുടെ കണക്കുകളിലും പ്രതിഫലിക്കുന്നത്. കോർപറേറ്റുകൾ വരുത്തിയ കിട്ടാക്കടം വൻ തോതിൽ എഴുതിത്തള്ളുന്നത് ബാങ്കുകൾക്ക് തിരിച്ചടിയായി. നോട്ടുനിരോധനം, ജിഎസ്ടി എന്നിവ നടപ്പാക്കിയതും നേരിട്ടുള്ള വിദേശനിക്ഷേപത്തെ അമിതമായി ആശ്രയിക്കുന്നതും ആഭ്യന്തരവിപണിയെ തളർത്തി. ബാങ്കുകളുടെ ലയനംകൊണ്ട് സമ്പദ്ഘടനയെ ഉണർത്താൻ കഴിയില്ലെന്നും വ്യക്തമായിരിക്കുന്നു. കെടുതികൾ പരിഹരിക്കാൻ സാധാരണ ഇടപാടുകാരെ പിഴിയുകയാണ് ബാങ്കുകൾ. അക്കൗണ്ടിൽ മിനിമം ബാലൻസില്ലാത്തതിന് ഈ സാമ്പത്തികവർഷം 1700 കോടി രൂപയാണ് എസ്ബിഐ പിഴയായി ഈടാക്കിയത്.
വെല്ലുവിളികൾ നിറഞ്ഞ വർഷമാണ് കടന്നുപോയതെന്നും അടുത്തവർഷം നഷ്ടം നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്ബിഐ ചെയർമാൻ രജനീഷ്‌കുമാർ പറഞ്ഞു. അതേസമയം, സർക്കാർ നയങ്ങളാണ് പൊതുമേഖലാ ബാങ്കുകളെ ദോഷകരമായി ബാധിച്ചതെന്ന് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്നുവർഷത്തിൽ രണ്ടു ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത്. വായ്പ തിരിച്ചടയ്ക്കാത്ത കോർപറേറ്റുകളുടെ പേര് വെളിപ്പെടുത്താൻപോലും സർക്കാർ തയ്യാറല്ല. വിദ്യാഭ്യാസവായ്പ കുടിശിക തിരിച്ചുപിടിക്കാൻ റിലയൻസിനെ ഏൽപ്പിച്ച പൊതുമേഖലാ ബാങ്ക് കോർപറേറ്റ് കടത്തിന്റെ കാര്യത്തിൽ അനാസ്ഥ തുടരുകയാണെന്നും ബാങ്കിങ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.