വിപണിയില്‍ തക്കാളിയ്ക്ക് തിരിച്ചടി : കിലോക്ക് രണ്ട് രൂപ മാത്രം

വിപണിയില്‍ തക്കാളിയ്ക്ക് തിരിച്ചടി. കേരളത്തില്‍ തക്കാളിയുടെ വില കിലോയ്ക്ക് 10 മുതല്‍ 15 രൂപ വരെയാണെങ്കില്‍ അതിര്‍ത്തിക്കപ്പുറം തക്കാളിയുടെ വില കിലോയ്ക്ക് രണ്ടു രൂപയിലേക്ക് താഴ്ന്നു. കര്‍ഷകര്‍ വിളവെടുക്കാതെ തക്കാളി കൃഷിയിടത്തില്‍തന്നെ ഉപേക്ഷിക്കുന്നു. ഉടുമലൈ, പഴനി മേഖലകള്‍ക്ക് സമീപത്തുള്ള നിരവധി ഗ്രാമങ്ങളില്‍ ആയിരത്തിലധികം ഹെക്ടറുകളിലാണ് തക്കാളി കൃഷി ചെയ്യുന്നത്.

മറ്റു പല മേഖലകളിലും തക്കാളി ഉത്പാദനം കൂടിയതും മറ്റ് പ്രദേശങ്ങളില്‍നിന്ന് വ്യാപാരികള്‍ എത്താതിരുന്നതും വില കുറയാന്‍ കാരണമായെന്ന് കര്‍ഷകര്‍ പറയുന്നു. തക്കാളിയുടെ വിളവെടുപ്പുകൂലിയും ചന്തയില്‍ എത്തിക്കാനുള്ള കൂലിയും കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. മറ്റു പച്ചക്കറിയിനങ്ങളുടെ വിലയും കുറഞ്ഞു.ബുധനാഴ്ച ഉടുമലൈ ചന്തയില്‍ 14 കിലോ തൂക്കമുള്ള തക്കാളിപ്പെട്ടിക്ക് 30 രൂപ വില മാത്രമാണ് കര്‍ഷകന് ലഭിച്ചത്. കഴിഞ്ഞയാഴ്ച 50 രൂപയാണ് ലഭിച്ചത്. വിളവെടുപ്പുചെലവ് മാത്രം 20 രൂപയാണ്.