
വീടിനരികിലൂടെ ഒഴുകുന്ന പുഴയില്‍, നിലാവും ഗസലും അലിഞ്ഞു ചേര്‍ന്ന രാത്രിയില്‍ അക്ബര്‍ അലി പ്രായവും പരിസരവും മറന്ന് കമലയെ കെട്ടിപ്പിടിക്കുന്ന ഒരു രംഗമുണ്ട് 'ആമി'യില്‍. ആ ചേര്‍ത്തുപിടിക്കലില്‍ അക്ബറിന്റെ ഹൃദയത്തിലെ ഏതോ മിര്‍സാഗാലിബ് വരിപോലെ അലിഞ്ഞു തീരുന്ന കമല...ഒരുപാട് കാലം പ്രേക്ഷക ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്ന മനോഹരമായ രംഗം. നിറഞ്ഞ ആകാശത്തിനു ചുവട്ടില്‍ കാറ്റിനെയും കുളിരിനേയും സാക്ഷി നിര്‍ത്തിയുള്ള ആ ആലിംഗനത്തില്‍ അവര്‍ ഇരുവരും മാത്രമല്ല, ചുറ്റുമുള്ള സര്‍വവും ഇല്ലാതായി.

''നിലാവ് ഇങ്ങനെ പൊഴേല് വീണു കിടക്കുമ്പോ, അക്ബറ് എപ്പോഴെങ്കിലും ഭാര്യയുടെ ഒപ്പം നീന്തികുളിച്ചിട്ടുണ്ടോ''തന്നെ കെട്ടിപ്പിടിക്കും മുമ്പ് കമല അക്ബറിനോട് ചോദിച്ചു. ''ഹേയ് ഇല്ല... അവള്‍ക്ക് ഇങ്ങനെ വെള്ളം കാണുന്നതേ പേട്യാ..'' അക്ബര്‍ മറുപടി പറയുന്നു. കമലയിലെ സ്വാതന്ത്ര്യബോധവും കാല്‍പനികതയും ജീവിതത്തോടുള്ള ആവേശവുമെല്ലാം ഈ ചോദ്യത്തില്‍ നിറയുന്നത് കാണാം. കമല്‍ സംവിധാനം ചെയ്ത ആമിയില്‍ ഇങ്ങനെ നിരവധി മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു ബയോപിക്ക് സിനിമയാക്കുമ്പോഴുള്ള സാഹസം ഏറെയാണെന്നിരിക്കെ, എന്നും വിവാദങ്ങളാലും മറ്റും ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള മാധവിക്കുട്ടിയുടെ ജീവിതം അഭ്രപാളിയില്‍ വരയ്ക്കാന്‍ ധൈര്യം കാണിച്ച സംവിധായകന്‍ അഭിനന്ദനമര്‍ഹിക്കുന്നു. ''ഒരു വായനക്കാന്‍, ഫിലിം മേക്കര്‍ എന്ന നിലയിലൊക്കെ എനിക്ക് മാധവിക്കുട്ടി എന്താണ്, ആരാണ് എന്നൊക്കെയാണ് ആമി സിനിമയിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്.

ഓരോരുത്തര്‍ക്കും പല തരത്തിലായിരിക്കും മാധവിക്കുട്ടി. ഒരു പുസ്തകം പലരും പല തരത്തില്‍ ഗ്രഹിക്കുന്നത് പോലെ. എന്റെ വായനയിലും കാഴ്ചപ്പാടിലും ഞാനറിഞ്ഞ മാധവിക്കുട്ടിയെയാണ് സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്'' ഒരു അഭിമുഖത്തില്‍ കമല്‍ ആമി സിനിമയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ.

മാധവിക്കുട്ടിയുടെ സമ്പന്നമായ കുട്ടിക്കാലം, പുന്നയൂര്‍കുളം, കല്‍ക്കത്ത, മുംബൈ, പൂനെ, തിരുവനന്തപുരം ജീവിത കാലങ്ങള്‍, ഇന്ത്യയുടെ സ്വാതന്ത്ര്യദിനം, രാജ്യത്തിന്റെ വിഭജനം, വര്‍ഗീയത, പാലായനം... എന്നിവയെല്ലാം ആമിയില്‍ നിറഞ്ഞു നില്‍ക്കുന്നു. ചങ്ങമ്പുഴ, കുട്ടികൃഷ്ണമാരാര്‍, വള്ളത്തോള്‍, ബാലാമണിയമ്മ... തുടങ്ങി നിരവധി മഹത് വ്യക്തിത്വങ്ങളെ തന്മയത്വത്തോടെ സിനിമയില്‍ അവതരിപ്പിക്കുന്നു. മഞ്ജു വാര്യര്‍ എന്ന നടി ശരീരവും മനസ്സും പൂര്‍ണമായി നല്‍കി മാധവിക്കുട്ടിയെ/കമലാസുരയ്യയെ പൂര്‍ണതയിലെത്തിച്ചു. മഞ്ജുവിന്റേയും കമലിന്റേയും മാസ്റ്റര്‍ പീസ് എന്നുവേണമെങ്കില്‍ ആമിയെ വിശേഷിപ്പിക്കാം.

'സ്ത്രീകള്‍ എല്ലാ മതത്തിലും തൊഴുത്തില്‍ കെട്ടിയ പശുവാണ്' എന്ന് പറയാന്‍ ധൈര്യം കാണിച്ച മാധവിക്കുട്ടി കമലാസുരയ്യയായി 'കുപ്പായം മാറിയപ്പോള്‍' പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. രാഷ്ട്രീയത്തിലിറങ്ങിയപ്പോഴും പലരും നെറ്റി ചുളിച്ചു. 'എന്റെ കഥ' എഴുതിയപ്പോഴും അതെല്ലാം എന്റെറ നുണകളാണെന്നു മാറ്റി പറഞ്ഞപ്പോഴുമൊക്കെ അവരെ മോശക്കാരിയായും വിചിത്രജീവിയായുമൊക്കെ ചിത്രീകരിച്ചു. എല്ലാം കണ്ടും അറിഞ്ഞും മാധവിക്കുട്ടി മാത്രം ചിരിച്ചു. തന്റെ സമൂഹത്തിന്റെ മണ്ടത്തരങ്ങള്‍ കണ്ട് പിന്നെയും പിന്നെയും അവര്‍ പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ സത്ത ചോരാതെ പല സന്ദര്‍ഭങ്ങളിലായി സിനിമയില്‍ മഞ്ജുവാര്യരും ചിരിക്കുന്നുണ്ട്.

മാധവിക്കുട്ടിയെന്ന സ്ത്രീയെ വേണ്ടത്ര നമ്മുടെ സമൂഹത്തിന് ഉള്‍ക്കൊളളാന്‍ പറ്റിയിട്ടില്ല എന്ന സത്യമാണ് ഒരര്‍ഥത്തില്‍ സംവിധായകന്‍ ആമിയിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ''ഞാനെന്നും അനാഥയായിരുന്നു... ആത്മീയമായിട്ടും വൈകാരികമായിട്ടും'' എന്ന മാധവിക്കുട്ടിയുടെ വാക്കുകളെ ഇനിയും തിരിച്ചറിയാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും മാധവിക്കുട്ടി എന്ന പുസ്തകത്തെ തെറ്റിവായിക്കുന്നവരാണ് മലയാളികള്‍.
''ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീ നിശ്ചലമായ തടാകം പോലെയാ... ഒരു ചെറിയ കാറ്റു വീശിയാ ഒത്തിരി ഓളങ്ങളുണ്ടാവില്ലേ അതിന്റെ ദേഹത്ത്... അത് പോലെ ഒരു കാറ്റായിരുന്നോ അക്ബര്‍...'' എന്ന് തന്നിലേക്ക് വരുന്ന യുവാവിനെ കുറിച്ച് സ്വയം ചോദിക്കുന്ന മാധവിക്കുട്ടി, ഓളങ്ങളിളക്കി കടന്നുപോയ കാറ്റ് തന്നെയായിരുന്നു അക്ബര്‍ എന്ന് തിരിച്ചറിയുന്നു. കാറ്റിനെ തിരിച്ചുപിടിയ്ക്കാന്‍ തടാകത്തിനാവില്ല്യാലോ... എന്ന് സ്വയം ആശ്വസിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പുറംലോകത്തെ ബഹളങ്ങളൊന്നും ആ വലിയ മനസ്സിനെ സ്പര്‍ശിക്കുന്നതേയില്ല. അങ്ങിനെയൊക്കെയായിരുന്നു താനറിഞ്ഞ കമലസുരയ്യ എന്നാണ് ആമിയിലൂടെ സംവിധായകന്‍ പറഞ്ഞുവെക്കുന്നത്.
സ്വാതന്ത്ര്യത്തെകുറിച്ചു പറയുമ്പോഴും മാധവിക്കുട്ടിയുടെയത്രയും സ്വാതന്ത്ര്യം അനുഭവിച്ച എഴുത്തുകാരികള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് തോന്നുന്നില്ല. പിന്നെയും അവര്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ദാഹിച്ചു. പ്രണയം അവര്‍ക്ക് സ്വാതന്ത്ര്യമായിരുന്നു. 'എന്റെ ശരീരം നശിച്ചതിനുശേഷവും എന്നെ സ്നേഹിക്കുവാന്‍ ത്രാണിയുള്ള ഒരു കാമുകനെ' ആഗ്രഹിക്കുന്ന നായികമാരിലാണ് മാധവിക്കുട്ടി വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഭാവിയുടെ ഭാരമില്ലാത്ത ഒരാള്‍ക്ക് മാത്രം എഴുതാന്‍ കഴിയുന്ന വിധത്തില്‍ ഓരോ വാക്കും ഒരനുരഞ്ജനമാക്കി അവര്‍ എഴുതിയത്. ആമിയില്‍ മാധവാദാസായി അഭിനയിച്ച മുരളിഗോപി, അക്ബര്‍ അലിയെ അവതരിപ്പിച്ച അനൂപ് മേനോന്‍, ശ്രീകൃഷ്ണനായി ടൊവീനോ തോമസ്, ബാലാമണിയമ്മയായി വന്ന വിജയലക്ഷ്മി എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.

മാധവിക്കുട്ടിയുടെ വിവാഹം മനോഹരമായി പുനരാവിഷ്‌കരിക്കാന്‍ സിനിമയില്‍ കഴിഞ്ഞു. ചങ്ങമ്പുഴ, വള്ളത്തോള്‍, കുട്ടികൃഷ്ണമാരാര്‍ എന്നിവരെ വലിയ മാറ്റം കൂടാതെ അണിയിച്ചൊരുക്കിയ മേക്കപ്പ്മാന്‍ പട്ടണം റഷീദിനും അഭിമാനിക്കാം. ബിജിബാലിന്റെ പശ്ത്താല സംഗീതം എടുത്തു പറയേണ്ടതാണ്. ആദ്യമായി കല്‍ക്കട്ടയില്‍ വെച്ച് ആമി ശ്രീകൃഷ്ണനെ കാണുമ്പോള്‍ ഒഴുകിയെത്തുന്ന ഓടക്കുഴല്‍ നാദം കുറേക്കാലം ആസ്വാദക മനസിലുണ്ടാകും. ഗുല്‍സാര്‍, റഫീക്ക് അഹമ്മദ,് എം ജയചന്ദ്രന്‍, തൗഫീക്ക് ഖുറേഷി കൂട്ടുകെട്ടിന്റെ പാട്ടുകള്‍ ചിത്രത്തിന് മാറ്റ് കൂട്ടുന്നു.
കല്‍ക്കത്തയിലും മുംബൈയിലും കമല ലോകം കാണുന്നത് തന്റെ ഫ്ളാറ്റിന്റെ ജനലഴികളിലൂടെയാണ്. ജനല്‍പാളികള്‍ക്കപ്പുറത്തെ വലിയ ജീവിതത്തെ കണ്ടും തന്റെ ഭാവനയിലൂടെ സ്ഫുടം ചെയ്തുമാണ് കമല എഴുതിയതത്രയും. ഈ ജാലകക്കാഴ്ചകളെ ആമിയില്‍ മനോഹരമായിട്ടാണ് ക്യാമറാമാന്‍ മധു നീലകണഠന്‍ ഒരുക്കിയിട്ടുള്ളത്. നീര്‍മാതളത്തിന്റെ പച്ചപ്പും പൂവിന്റെ ഗന്ധവും പ്രേക്ഷകരിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ആമിയുടെ തിരക്കഥയാണ് അതിന്റെ വിജയം എന്നു പറയാം. അത്ര സൂക്ഷ്മമായി ലിറിക്കലായി എഴുതിയ തിരക്കഥ നമ്മുടെ തിരക്കഥാ സാഹിത്യത്തിന് മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല.

''മരണസമയം അടുത്താല്‍ കാട്ടാനയ്ക്ക് അത് മനസിലാവൂത്രേ... അപ്പോ അത് മറ്റ് ആനകളില്‍ നിന്ന് അകന്ന് ഉള്‍ക്കാട്ടിലേക്ക് വലിയും... കാടിന്റെ വിജനതയില്‍ കാടു തരുന്ന സുരക്ഷിതത്വത്തില്‍ ഏകാന്തമായ ഒരു മരണം... ഞാനും ഇപ്പോ അതുപോലെയാ.. ഉള്‍ക്കാട്ടിലേക്ക് വന്ന് തളര്‍ന്ന് കിടക്കുന്ന ഒരു കാട്ടാന... എനിക്ക് ചുറ്റും കാടിന്റെ നിശ്ശബ്ദത മാത്രം''. പൂനെയിലെ മകന്റെ വീട്ടില്‍ മരണം കാത്തു കിടക്കുമ്പോഴുള്ള അവരുടെ വാക്കുകളില്‍ 'ആമി' അവസാനിക്കുമ്പോള്‍ പ്രേക്ഷകരുടെ കണ്ണും മനസ്സും നിറയും. പിന്നെ തോന്നും നീര്‍മാതളപൂക്കള്‍ക്കിയിലൂടെ പോയി കമലാസുരയ്യയുടെ മൈലാഞ്ചിക്കൈ തൊടാന്‍.