ഉപഭോക്താക്കളെ ഞെട്ടിച്ച് ആപ്പിളിന്റെ പുതിയ പ്രഖ്യാപനം

 

കൊച്ചി: ഉപഭോക്താക്കളെ എന്നും ഓഫറുള്‍ നല്‍കി ഞെട്ടിക്കുന്ന കമ്പനിയാണ് ആപ്പിള്‍. ചില സമയങ്ങളില്‍ ആപ്പിളിന്റെ ഐഫോണുകളും ഐപാഡുകളും വാങ്ങുമ്പോള്‍ വന്‍ വിലക്കിഴിവാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഇന്ത്യയില്‍ ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കും 10,000 രൂപവരെ കാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് ആപ്പിള്‍.

ഐപാഡിന്റെ 2018 ലെ 9.7 ഇഞ്ച് മോഡല്‍ 10,000 രൂപ കാഷ്ബാക്ക് വഴി 15,000 രൂപക്ക് സ്വന്തമാക്കാം. ഐ.ഒ.എസ് 11 ഓപറേറ്റിംഗ് സിസ്റ്റം സപ്പോര്‍ട്ടും ഫിംഗര്‍പ്രിന്റ് സെന്‍സറും അടക്കം നിരവധി ഫീച്ചറുകളുമായി 25,000 രൂപക്ക് വിപണിയിലെത്തിയ ഐപാഡ് 9.7 കൂടാതെ ഐപാഡിന്റെ മറ്റ് കൂടിയ മോഡലുകള്‍ക്കും 10,000 രൂപയുടെ കാഷ്ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ഫെബ്രുവരി ഒമ്പത് മുതല്‍ 14 വരെയാണ് കാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കുക. എച്ച്.ഡി.എഫ്.സി ബാങ്കുമായി സഹകരിച്ചാണ് ആപ്പിള്‍ പുതിയ ഒഫറുമായി എത്തിയിരിക്കുന്നത്. ആപ്പിളിന്റെ അംഗീകൃത ഓഫ് ലൈന്‍ റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയായിരിക്കും വില്‍പന.

ഇന്ത്യന്‍ നിര്‍മിത മോഡലായ ഐഫോണ്‍ എസ്.ഇ 7000 രൂപയുടെ കാഷ്ബാക്കിലൂടെ 15,000 രൂപക്ക് സ്വന്തമാക്കാം. 32 ജി.ബി മോഡലിനാണ് മികച്ച കാഷ്ബാക്ക് ഓഫര്‍ നല്‍കിയിരിക്കുന്നത്. ഐഫോണ്‍ 6നും 7,000 രൂപ ഓഫറുണ്ട്. ഓഫര്‍ കുറച്ച് 20,000 രൂപക്ക് 6 സ്വന്തമാക്കാം. ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 8,ഐഫോണ്‍ 8പ്ലസ്, തുടങ്ങിയ മോഡലുകള്‍ക്ക് 12,000 രൂപയുടെ കാഷ്ബാക്കുണ്ട്. ഈ ഓഫര്‍ മാര്‍ച്ച് 11 വരെ എല്ലാ റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാണ്.