
ന്യൂഡൽഹി > പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുപ്പക്കാരനായ ഗുജറാത്ത് വ്യവസായിക്ക് കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളുടെ പിൻബലത്തിൽ വൻനേട്ടമുണ്ടായതായി ആരോപണം. ഗുജറാത്തിലെ വസ്ത്രവ്യാപാരിയായ നിഖിൽ വിശ്വാസ് മർച്ചന്റിനാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ സഹായത്തിൽ 'അച്ഛാ ദിൻ' സാധ്യമായത്. ഇദ്ദേഹത്തിന്റെ സ്വാൻ എനർജി കമ്പനി ഗുജറാത്തിലെ ജഫ്രാബാദ് തുറമുഖത്ത് നിർമിക്കുന്ന 5600 കോടി രൂപയുടെ എൽഎൻജി ടെർമിനൽ പദ്ധതിക്കാണ് പൊതുമേഖലാ എണ്ണകമ്പനികളുടെ വഴിവിട്ട സഹായം ലഭിച്ചത്. ഓൺലൈൻ വാർത്താ പോർട്ടലായ 'ദി വയർ' ആണ് ഇക്കാര്യം പുറത്തുവിട്ടത്.
മാത്രമല്ല, ഗുജറാത്തിലെ രണ്ട് പൊതുമേഖലാസ്ഥാപനങ്ങൾ ചേർന്ന് സ്വാൻ ടെർമിനലിന്റെ 26 ശതമാനം ഓഹരിയും വാങ്ങിയിട്ടുണ്ട്. ഗുജറാത്ത് മാരിടൈം ബോർഡ്, ഗുജറാത്ത് പെട്രോനെറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് 208 കോടി രൂപ നിക്ഷേപിച്ചത്. ഗുജറാത്ത് സംസ്ഥാന പെട്രോളിയം കോർപറേഷൻ സ്വന്തം നിലയ്ക്ക് എൽഎൻജി ടെർമിനൽ വികസിപ്പിക്കുമ്പോഴാണ്, നിഖിൽ മർച്ചന്റിന്റെ ടെർമിനലിലേക്ക് പണമൊഴുക്കിയത്. പൊതുമേഖലാസ്ഥാപനങ്ങളുടെ പിന്തുണയിൽ ടെർമിനൽ വിജയമാകുമെന്ന് ഉറപ്പായതോടെ ബാങ്കുകളിൽനിന്ന് ശതകോടികളുടെ വായ്പ മർച്ചന്റ് ഉറപ്പിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് തുടങ്ങിയ ബാങ്കുകളിൽ നിന്നാണ് വായ്പ തരപ്പെടുത്തിയത്. ഇത്രയധികം വായ്പ തരപ്പെടുത്താൻ തക്കവിധം ലാഭകരമായ വ്യവസായം മർച്ചന്റ് നടത്തിയിട്ടില്ലെന്ന് വിറ്റുവരവ് കണക്ക് വ്യക്തമാക്കുന്നു.
മർച്ചന്റിന്റെ കമ്പനിക്ക് പൊതുമേഖലാസ്ഥാപനങ്ങളുടെ സഹായം ലഭിച്ചതിനെ കുറിച്ച് പ്രതികരിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനോ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനിയോ തയ്യാറായില്ല. മോഡിയുമായി പൊതുചടങ്ങുകളിലും മറ്റും കണ്ടുള്ള പരിചയം മാത്രമാണെന്നും വഴിവിട്ട സഹായം ലഭിച്ചിട്ടില്ലെന്നും മർച്ചന്റും അവകാശപ്പെട്ടു.
മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലംമുതൽ നിഖിൽ വിശ്വാസ് മർച്ചന്റ് അടുപ്പക്കാരനാണ്. പ്രധാനമന്ത്രിയായശേഷം വിദേശയാത്രകളിൽ മോഡിയെ ഇയാൾ അനുഗമിക്കാറുമുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മർച്ചന്റിനെ വഴിവിട്ട് സഹായിക്കാൻ മോഡി നടത്തിയ ശ്രമം ഏറെ വിവാദമായിരുന്നു.
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോളിയം കോർപ്പറേഷന്റെ പിപാവാവ് ഊർജ്ജ കമ്പനിയുടെ 49 ശതമാനം ഓഹരി വെറും 381 കോടി രൂപയ്ക്ക് സ്വാൻ എനർജിക്ക് കൈമാറാനായിരുന്നു നീക്കം. ഇതുവഴി 14296 കോടി രൂപയുടെ നേട്ടം സ്വാൻ കൈവരിക്കുമായിരുന്നു. എന്നാൽ ലേലപ്രക്രിയ പോലും കൂടാതെ സ്വാനിന് ഓഹരി കൈമാറാനുള്ള നീക്കത്തിനെതിരായി പ്രതിപക്ഷ പാർടികൾ രംഗത്തുവന്നതോടെ മോഡി സർക്കാരിന് ഇതിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു.