
ആലപ്പുഴ > ചേർത്തല എൻഎസ്എസ് കോളേജിൽ അഴിമതി ചൂണ്ടിക്കാട്ടിയ വിദ്യാർഥി യൂണിയൻ ചെയർമാനെതിരെ പ്രിൻസിപ്പാളിന്റെ പ്രതികാര നടപടി. സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാനായ അനന്തു രമേശനെ ഫെബ്രുവരി ഒൻപതു മുതൽ സസ്പെൻഡ് ചെയ്തെന്നു കാട്ടി പ്രിൻസിപ്പാൾ ഉത്തരവിറക്കി. അധ്യാപികയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് നടപടി. സസ്പെൻഷൻ കാലാവധി ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
അവസാന വർഷ ബി കോം വിദ്യാർഥികളുടെ കോളേജ് ടൂർ പാക്കേജ് ടെൻഡറിലെ അഴിമതിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതാണ് പ്രതികാര നടപടിക്കു കാരണമെന്ന് പുറത്താക്കപ്പെട്ട അനന്തു രമേശൻ പറഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പാക്കേജ് അംഗീകരിക്കാതെ ബികോമിലെ അധ്യാപികയുടെ സുഹൃത്തിന് ടെൻഡർ നൽകാനായിരുന്നു നീക്കം. ഇതിനെതിരെ ബി കോം വിദ്യാര്‍ത്ഥികള്‍ തുടങ്ങി വച്ച സമരം പിന്നീട് കോളേജ് യൂണിയന്‍ ഏറ്റെടുത്തു. കോളേജ് യൂണിയന്‍ ചെയർമാൻ എന്ന നിലയിൽ ഈ വിഷയത്തിന് പരിഹാരം കാണാൻ ഇടപെട്ടതാണ് മാനേജ്മെന്റിനെ ചൊടിപ്പിച്ചത് ‐ അനന്തു പറഞ്ഞു.
എബിവിപിയുടെ ശക്തികേന്ദ്രമായിരുന്ന ചേർത്തല എൻഎസ്എസ് കോളേജ് യൂണിയൻ എസ്എഫ്ഐ പിടിച്ചെടുത്തിരുന്നു. എന്നാൽ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് ശേഷം തുടർപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രിൻസിപ്പാൾ അനുവദിക്കുന്നില്ല. കോളേജ് യൂണിയന്‍ ഫണ്ടിൽ പ്രിൻസിപ്പാൾ തിരിമറികാട്ടിയതായും ആക്ഷേപമുണ്ട്. ഈ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. കോളേജിൽ പെൺകുട്ടിയെ മർദ്ദിച്ചകേസിൽ എബിവിപിക്കാരനായ അക്രമിയെ സംരക്ഷിക്കുകയും പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയുമാണ് പ്രിൻസിപ്പാൾ ചെയ്തതെന്ന് വിദ്യാർഥികൾ പറയുന്നു.
അനന്തുവിനെ പുറത്താക്കിയ നടപടിക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാർത്ഥികൾ ക്ലാസ്സ് ബഹിഷ്ക്കരിച്ച് പ്രതിഷേധ പ്രകടനം നടത്തി. ക്യാമ്പസ് ജനാധിപത്യം ഇല്ലാതാക്കുകയും കോളേജ് യൂണിയന്‍ ഫണ്ടിലും ടൂര്‍പാക്കേജുകളിലും അഴിമതി നടത്തുകയും ചെയ്യുന്ന പ്രിന്‍സിപ്പാളിനെതിരെ നടപടി സ്വീകരിക്കണമെന്നും, അഴിമതി ചൂണ്ടിക്കാട്ടിയ കോളേജ് യൂണിയൻ ചെയർമാനെ പുറത്താക്കിയ നടപടി പിൻവലിക്കണമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.