
എസ്ബിടി ഉൾപ്പെടെയുള്ള അസോസിയറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും ഏറ്റെടുത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോകത്തിലെ ബാങ്കുകളുടെ പട്ടികയിൽ 49‐ാം സ്ഥാനത്ത് എത്തി. വലിയ വാഗ്ദാനവും പ്രതീക്ഷയും നൽകിയായിരുന്നു ഏറ്റെടുക്കൽ. എന്നാൽ, ബാങ്ക് ലയനം എത്രമാത്രം ജനവിരുദ്ധമായിത്തീരുമെന്നതിന് സ്റ്റേറ്റ് ബാങ്കിന്റെ ലയനവും തുടർന്നുള്ള നടപടികളും ഉദാഹരണമായി മാറി. അസോസിയറ്റ് ബാങ്കുകൾ അതുവരെ നിലനിർത്തിപ്പോന്ന തനിമയും പ്രാദേശികസ്വഭാവവും വൈവിധ്യവും ഇല്ലാതായി എന്ന് മാത്രമല്ല ശാഖകൾ അടച്ചുപൂട്ടലും സർവീസ് ചാർജ് വർധിപ്പിക്കലും ഇടപാടുകാരിൽനിന്ന് പിഴ ഈടാക്കലുമൊക്കെ സാധാരണ ജനങ്ങൾക്ക് വിനയായി. ബാങ്കുകളുടെ ലയനം ഇതോടെ അവസാനിക്കില്ല. രാജ്യത്തെ മറ്റ് പൊതുമേഖലാ ബാങ്കുകളെ കൂടി ലയിപ്പിച്ച് അഞ്ചോ ആറോ ബാങ്കുകളാക്കി ചുരുക്കാനാണ് നീക്കം. ഇന്ത്യയിലെ കോടിക്കണക്കിനുവരുന്ന ദരിദ്രജനവിഭാഗങ്ങൾക്ക് ബാങ്കിങ് സേവനം അപ്രാപ്യമാക്കുന്നതിനേ ഈ നടപടി വഴിവയ്ക്കൂ.
ഇതിനുപുറമെയാണ് ബാങ്കുകളെയും ഇൻഷുറൻസ് സ്ഥാപനങ്ങളെയും മറ്റു ധനസ്ഥാപനങ്ങളെയും സഹകരണമേഖലയെയും ബാധിക്കുന്ന പുതിയ നിയമങ്ങൾ മോഡി സർക്കാർ കൊണ്ടുവരുന്നത്. നിക്ഷേപകരുടെ സുരക്ഷിതത്വംപോലും അപകടപ്പെടുത്തുന്ന ഫിനാൻഷ്യൽ റെസൊല്യൂഷൻ ആൻഡ് ഡിപ്പോസിറ്റ് ഇൻഷുറൻസ് ബിൽ(എഫ്ആർഡിഐ) അത്തരത്തിലുള്ള ഒന്നാണ്. കഴിഞ്ഞ പാർലമെന്റ് സമ്മേളനകാലയളവിൽ ലോക്സഭയിൽ അവതരിപ്പിച്ച ഈ ബിൽ ഇപ്പോൾ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ബാങ്കുകളുടെ ലയനം, സംയോജനം, ഏറ്റെടുക്കൽ എന്നിവ സംബന്ധിച്ച തീരുമാനം എടുക്കാനുള്ള സമ്പൂർണ അധികാരം ബില്ലിലൂടെ പുതിയതായി രൂപീകരിക്കുന്ന ഫിനാൻഷ്യൽ റെസൊല്യൂഷ്യൻ കോർപറേഷനായിരിക്കും. റിസർവ് ബാങ്കിനെയും ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയെയും നോക്കുകുത്തിയാക്കിയും പാർലമെന്റിലോ കോടതികളിലോ ചോദ്യംചെയ്യാൻ പരിമിതികളുള്ളതരത്തിൽ അധികാരങ്ങൾ നൽകിയായിരിക്കും ഫിനാൻഷ്യൽ റെസൊല്യൂഷൻ കോർപറേഷൻ സ്ഥാപിക്കപ്പെടുക. പൊതുമേഖലാ ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ എന്നിവയുടെ പരിപൂർണനിയന്ത്രണം 11 അംഗങ്ങളുള്ള ഫിനാൻഷ്യൽ റെസൊല്യൂഷൻ കോർപറേഷന്റെ അധികാരപരിധിയിലാകും. നിക്ഷേപങ്ങൾക്ക് പരിമിതമായ തരത്തിലാണെങ്കിലും ഇൻഷുറൻസ് കവറേജ് നൽകുന്ന ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷനും ഇതോടെ ഇല്ലാതാകും.
ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിധി വർധിപ്പിക്കണം എന്ന ആവശ്യം വ്യാപകമായി ഉയർന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് വിപരീതദിശയിലേക്കുള്ള പോക്ക്. ഇതെല്ലാം സൂചിപ്പിക്കുന്നത് പൊതുമേഖലാ ബാങ്കുകളുടെയും ഇൻഷുറൻസ് സ്ഥാപനങ്ങളുടെയും കഥ കഴിക്കുക എന്ന ഗൂഢലക്ഷ്യം കൂടി ഈ ബിൽ കൊണ്ടുവരുന്നതിന് പിന്നിലുണ്ട് എന്നുതന്നെയാണ്.
കറൻസികൾ പിൻവലിച്ചതിന്റെയും മുന്നൊരുക്കംകൂടാതെ ജിഎസ്ടി നടപ്പാക്കിയതിന്റെയും കാലിക്കച്ചവടം നിരോധിച്ചതിന്റെയും ഫലമായി സാമ്പത്തികവളർച്ച കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എഫ്ആർഡിഐ ബിൽ കൂടി കൊണ്ടുവന്ന് ബാങ്കുകളിലെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം തകർക്കുന്നത് രാജ്യത്തിന് വലിയ ദോഷമാകും. ഇന്ത്യയിലെ ബാങ്കുകളിലെ മൊത്തം നിക്ഷേപമായ 110 ലക്ഷം കോടിയുടെ ഭൂരിഭാഗവും രാജ്യത്തിലെ സാധാരണക്കാരായ ജനങ്ങളുടേതാണ് എന്നിരിക്കെ ഈ ബില്ലും ദോഷമായി ബാധിക്കുക സാധാരണക്കാരെയായിരിക്കും.
ബാങ്കുകളിൽ പെരുകുന്ന കിട്ടാക്കടം വലിയ വിനയായി മാറി. ബാങ്കുകളുടെ ലാഭക്ഷമത കുറയുന്നതിന് ഇത് വഴിവച്ചു. ഏകദേശം 10 ലക്ഷം കോടി രൂപയ്ക്കടുത്തുവരും ബാങ്കുകളിലെ കിട്ടാക്കടം. ഇതിന്റെ 88 ശതമാനവും 5 കോടി രൂപയിലധികം കിട്ടാക്കടം വരുത്തിയ വൻകിട കോർപറേറ്റുകളുടേതാണ്. 12 കുത്തകകൾ വരുത്തിയ കിട്ടാക്കടം രണ്ടുലക്ഷം കോടി രൂപയോളം വരും. ഈ കിട്ടാക്കടങ്ങൾ പിരിച്ചെടുക്കാനാവശ്യമായ ഒരു നടപടിയും മോഡി സർക്കാർ സ്വീകരിക്കുന്നില്ല. മറിച്ച് ഈ ബാങ്കുകളെത്തന്നെ അടച്ചുപൂട്ടാനാണ് നീക്കം.
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ മിക്കവാറും എല്ലാംതന്നെ പ്രവർത്തനലാഭം ഉണ്ടാക്കിയിരിക്കുന്ന അവസ്ഥയാണെങ്കിലും വൻകിട കുത്തകകൾ വരുത്തിയ കിട്ടാക്കടത്തിലേക്ക് വൻ തുക മാറ്റിവയ്ക്കേണ്ടിവന്നത് ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യത്തെ സാരമായി ബാധിച്ചു. ബാങ്കുകളിലെ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും സാധാരണക്കാരായ ജനങ്ങളുടേതും കിട്ടാക്കടത്തിന്റെ ഭൂരിഭാഗവും വൻകിട കുത്തകകളുടേതും ആണെന്നത് ബാങ്കിങ് രംഗത്തെ നയരൂപീകരണങ്ങളുടെ സമ്പന്നവർഗ പക്ഷപാതിത്വം വ്യക്തമാക്കുന്ന വസ്തുതയാണ്.
ഇതിന്റെ കൂടെത്തന്നെ ഗൗരവമായി കാണേണ്ടതും എതിർക്കപ്പെടേണ്ടതുമായ ഒന്നാണ് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണവും ഓഹരി വിറ്റഴിക്കലും. വിദേശ ധനസ്ഥാപനങ്ങൾക്കുപോലും നമ്മുടെ രാജ്യത്തെ തദ്ദേശീയ സ്വകാര്യ ബാങ്കുകളുടെ ഓഹരികൾ കൈവശപ്പെടുത്താവുന്ന അവസ്ഥയാണുള്ളത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ കൂട്ടിയോജിപ്പിച്ച് ചുരുക്കം ചില ബാങ്കുകൾ ആക്കുന്നതിനുപിന്നിലും എളുപ്പത്തിലുള്ള സ്വകാര്യവൽക്കരണവും അതുവഴി വിദേശവൽക്കരണവും എന്ന ലക്ഷ്യം കാണാനാകും.
ബാങ്കിങ് രംഗം ഇത്തരത്തിൽ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷന്റെ ദേശീയ സമ്മേളനം ഫെബ്രുവരി 10,11 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്നത്. ബാങ്ക് ദേശസാൽക്കരണത്തിനുശേഷം രാജ്യത്ത് നിലവിൽവന്ന പൊതുമേഖലാ ബാങ്കിങ് സമ്പ്രദായത്തെ കൂടുതൽ ജനകീയമാക്കണമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനകീയ ബാങ്കിങ്ങിന് ഉത്തമ മാതൃകയാകണമെന്നും ഉള്ള സന്ദേശംകൂടി സമ്മേളനം മുന്നോട്ടുവയ്ക്കുന്നുണ്ട്
(എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) പ്രസിഡന്റാണ് ലേഖകൻ)