മാര്‍ക്ക് തിരുത്തിയെന്ന വാര്‍ത്ത; ചാനലിനെതിരെ ബല്‍റാം

തിരുവനന്തപുരം: താന്‍ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയായിരിക്കെ മാര്‍ക്ക് തിരുത്തിയെന്ന വാര്‍ത്ത പുറത്തുവിട്ട കൈരളി ചാനലിനെതിരെ വി.ടി ബല്‍റാം എം.എല്‍.എ. എല്‍ രംഗത്ത്. 45 മാര്‍ക്കാണ് എല്‍.ബി അഞ്ചാം സെമസ്റ്ററിലെ ഡ്രാഫ്റ്റിങ് പ്ലീഡിങ് ആന്‍ഡ് കണ്‍വെയന്‍സിംഗ് എന്ന പരീക്ഷയക്ക് ബല്‍റാമിന് ലഭിച്ചത്. എന്നാല്‍ 50 മാര്‍ക്ക് വേണമായിരുന്നു ഇന്റേണല്‍ പാസാകാന്‍. അന്നത്തെ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജശേഖരന്‍ നായരുടെ സഹായത്തോടെ ബല്‍റാം മാര്‍ക്ക് തിരുത്തി 75 മാര്‍ക്ക് ആക്കിയെന്നാണ് കൈരളി പുറത്തുവിട്ട വാര്‍ത്ത.

read also: ദുബായില്‍ യാത്രാവിലക്ക് നേരിടുന്ന ബിനോയ് കോടിയേരിയെ പരിഹസിച്ച് ബല്‍റാം

ബല്‍റാമിന്റെ മറുപടി വാര്‍ത്തയെ പരിഹസിച്ചു കൊണ്ടാണ്. കൈരളി സംസ്ഥാനതലത്തില്‍ ഉന്നത റാങ്ക് വാങ്ങി ഒരു സര്‍ക്കാര്‍ ലോ കോളജില്‍ പ്രവേശനം നേടി കൃത്യ സമയത്ത് തന്നെ വിജയകരമായി പഠനം പൂര്‍ത്തിയാക്കി ബിരുദം നേടിയ വിദ്യാര്‍ത്ഥിയുടെ പത്ത് വര്‍ഷം മുന്‍പത്തെ ഇന്റേണല്‍ പരീക്ഷ മാര്‍ക്കിനെച്ചൊല്ലി ബ്രേക്കിംഗ് ന്യുസ് ഉണ്ടാക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

 

സർക്കാർ ഭൂമി കയ്യേറിയ, വിദ്യാർത്ഥിപീഡനങ്ങൾ തുടർക്കഥയാക്കിയ, ദലിത്‌ അധിക്ഷേപങ്ങൾ ശീലമാക്കിയ, പാചകറാണിയുടെ സ്വാശ്രയ ലോ കോളേജിൽ നിന്ന് ക്ലാസിൽപ്പോലും പോകാതെ എൽഎൽബി കരസ്ഥമാക്കിയവരും അവരെ ഉളുപ്പില്ലാതെ പിന്താങ്ങുന്നവരുമൊക്കെയാണ്‌ സംസ്ഥാനതലത്തിലെ എൻട്രൻസ്‌ പരീക്ഷയിൽ ഉന്നത റാങ്ക്‌ വാങ്ങി ഒരു സർക്കാർ ലോ കോളേജിൽ പ്രവേശനം നേടി കൃത്യസമയത്ത്‌ തന്നെ വിജയകരമായി പഠനം പൂർത്തീകരിച്ച്‌ ബിരുദം നേടിയ ഒരു വിദ്യാർത്ഥിയുടെ പത്ത്‌ വർഷം മുൻപത്തെ ഒരു ഇന്റേണൽ പരീക്ഷ പേപ്പറിന്റെ മാർക്കിനേച്ചൊല്ലി വലിയ ബ്രേയ്ക്കിംഗ്‌ ന്യൂസുമായി കോലാഹലമുയർത്തുന്നത്‌.

എനിക്കിക്കാര്യത്തിൽ പറയാനുള്ളത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഇതേവിഷയം സൈബർ സഖാക്കൾ ചർച്ചയാക്കിയ വേളയിൽത്തന്നെ വിശദീകരിച്ചിട്ടുണ്ട്‌. എൽഎൽബിക്ക്‌ യൂണിവേഴ്സിറ്റി തലത്തിൽ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാൻസിൽത്തന്നെ ഉന്നതവിജയം നേടിയ, കോളേജിനെ പ്രതിനിധീകരിച്ച്‌ ദേശീയ തലത്തിലെ മൂട്ട്‌ കോർട്ട്‌ മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുള്ള, മുൻപ്‌ സർവകലാശാലയിൽ ബിരുദത്തിന്‌ ഒന്നാം റാങ്ക്‌ നേടിയിട്ടുള്ള, വേറെ രണ്ട്‌ പ്രൊഫഷണൽ ബിരുദം കൂടി നേടിയിട്ടുള്ള ഒരു വിദ്യാർത്ഥിയെക്കുടുക്കാൻ ഈയൊരു ക്ലാസ്‌ ടെസ്റ്റിന്റെ മാർക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയർത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട്‌ എല്ലാവർക്കും ശരിക്ക്‌ മനസ്സിലാകുന്നുണ്ട്‌.

പ്രൊഫഷണൽ കോളേജുകളുടെ പടിയെങ്കിലും കയറിയിട്ടുള്ളവർക്കറിയാം, ഇന്റേണൽ അസസ്മെന്റുമായി ബന്ധപ്പെട്ട്‌ അധ്യാപകർ രാഷ്ട്രീയ/വ്യക്തി വൈരാഗ്യം തീർക്കാൻ നോക്കുന്നതും അതിന്മേൽ പരാതി ഉയരുമ്പോൾ സ്ഥാപന മേധാവികളിടപെടാറുള്ളതുമൊക്കെ സർവ്വസാധാരണമാണെന്നത്‌.
ഒരുപക്ഷേ ഇനി വി.ടി. ബൽറാം അംഗൻവാടിയിൽ പഠിക്കുമ്പോൾ ടീച്ചറെ സ്വാധീനിച്ച്‌ ഒരു പ്ലേറ്റ്‌ ഉപ്പുമാവ്‌ കൂടുതൽ നേടിയതിനേക്കുറിച്ചും …രളി പൂപ്പൽ ചാനൽ ബ്രേയ്ക്കിംഗ്‌ ന്യൂസ്‌ പുറത്തുവിടുമായിരിക്കും!