ത്രിപുരയിൽ കലാപത്തിന് കോപ്പുകൂട്ടി ബിജെപി

Saturday Feb 10, 2018
ഗോപി


അഗർത്തല > ത്രിപുരയിൽ വ്യാപകമായി കലാപം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനായി പണവും ആയുധവും ഇറക്കി കലാപത്തിനാണ് കോപ്പുകൂട്ടുന്നത്.

കേന്ദ്ര സർക്കാർ സംവിധാനങ്ങളെയും ഉദ്യോഗസ്ഥരെയും ഇതിനായി ദുർവിനിയോഗംചെയ്യുന്നുണ്ട്. കലാപമുണ്ടാക്കി, തെരഞ്ഞെടുപ്പ് നീട്ടിവയ്പിച്ച് സർക്കാർ കാലാവധി കഴിയുന്ന മുറയിൽ പ്രസിഡന്റ് ഭരണം ഏർപ്പെടുത്തനാണ് ബിജെപി കരുക്കൾ നീക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് തങ്ങളുടെ പൂർണ നിയന്ത്രണത്തിൽ നടത്താൻ കഴിയുമെന്നാണ് സംഘപരിവാർ കേന്ദ്രങ്ങൾ കരുതുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വൻതോതിൽ നേതാക്കളെയും പ്രവർത്തകരെയും ത്രിപുരയിൽ ബിജെപി ഇറക്കിയിട്ടുണ്ട്. ഇവരിൽ പലരും ക്രിമിനൽ പശ്ചാത്തലത്തിലുള്ളവരുമാണ്. അസമിൽനിന്നും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുമാണ് ഇത്തരം ആൾക്കാർ ഏറെയും വരുന്നത്. കഴിഞ്ഞദിവസം റിവോൾവർ, കത്തി എന്നിവയുമായി ഒരാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ഞൂറിലധികം വെടിയുണ്ടയും ഇയാളിൽനിന്ന് പിടിച്ചെടുത്തു. തീവ്രവാദികളെ കൂട്ടുപിടിച്ച് പലയിടത്തും സിപിഐ എം ഓഫീസുകൾ അക്രമിക്കുന്ന സംഭവവുമുണ്ട്.  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെപേരിൽ താമരചിഹ്നം പതിച്ച ടീ ഷർട്ടുകളും സാരികളും പണവും  വിതരണം ചെയ്യുന്നു. പ്രധാനമന്ത്രിയുടെ യോഗത്തിൽð പങ്കെടുത്ത ആളുകളാണ് ഇവ എല്ലായിടത്തും വിതരണംചെയ്തത്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി നടത്തുന്ന നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഐ എം  പരാതി നൽകി. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ ഓം പ്രകാശ് റാവത്തിനാണ് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം നീലോൽപൽ ബസു പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ബിജെപി പ്രചാരണം നടത്തുന്നത്. സംസ്ഥാനത്തിനു പുറത്തുതാമസിക്കുന്ന ത്രിപുരക്കാർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ചാൽ സൗജന്യ ട്രെയിൻ യാത്ര നൽകുമെന്നും ഇത് പ്രധാനമന്ത്രിയുടെ സമ്മാനമാണെന്നുമാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ഇത് ജനപ്രാധിനിത്യ നിയമത്തിന്റെ ലംഘനമാണെന്ന് നിവേദത്തിൽ പറഞ്ഞു.
 

Tags :
BJP ത്രിപുര കലാപം ബിജെപി