
ന്യൂഡൽഹി > തൊഴിലാളി സംഘടനകളോട് വിവേചനം കാട്ടുന്നുവെന്ന പരാതിയെ തുടർന്ന് 46ാം ഇന്ത്യൻ ലേബർ കോൺഫറൻസ് അനിശ്ചിതത്വത്തിലേക്ക്. മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം 26, 27 തീയതികളിൽ ഡൽഹിയിൽ ചേരുന്ന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ, ഐഎൻടിയുസിയെ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിനാൽ ട്രേഡ് യൂണിയനുകൾ കടുത്ത പ്രതിഷേധത്തിലാണ്.
സർക്കാർ നിലപാട് വിവേചനമാണെന്നും തീരുമാനം തിരുത്തണമെന്നും ആവശ്യപ്പെട്ട് സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ എംപി തൊഴിൽമന്ത്രി സന്തോഷ് ഗങ്‌വറിന് കത്തയച്ചു.
ഇതിനിടെ, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ലേബർ കോൺഫറൻസ് ബഹിഷ്‌കരിക്കാൻ ഗുജറാത്തിൽ ചേർന്ന ബിഎംഎസ് കേന്ദ്രീയകാര്യസമിതിയും തീരുമാനിച്ചു.
എല്ലാവർഷവും കൂടേണ്ട ലേബർ കോൺഫറൻസ് ബിജെപി സർക്കാർ അധികാരത്തിൽവന്ന ശേഷമാണ് മുടങ്ങിയത്. ട്രേഡ് യൂണിയനുകൾ ശക്തിയായി പ്രതിഷേധിച്ചശേഷമാണ് ഇപ്പോൾ സമ്മേളനം വിളിക്കാൻ തയ്യാറായത്. ഐഎൻടിയുസിയെ ക്ഷണിക്കാത്തതിനെതിരെ ഇതര ട്രേഡ് യൂണിയനുകൾ പ്രതിഷേധം ഉയർത്തിയിട്ടും കേന്ദ്രം നിലപാട് മാറ്റിയിട്ടില്ല.
ആർഎസ്എസ് നിയന്ത്രണത്തിലുള്ള തൊഴിലാളിസംഘടനയായ ബിഎംഎസ് ഉയർത്തിയ ബഹിഷ്‌കരണഭീഷണിയും ലേബർ കോൺഫറൻസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
20ന് ബിഎംഎസ് രാജ്യവ്യാപകമായി കരിദിനം ആചരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ലേബർ കോൺഫറൻസിൽ പങ്കെടുക്കില്ലെന്ന് ബിഎംഎസ് പ്രസിഡന്റ് സജി നാരായണനും ജനറൽ സെക്രട്ടറി വിർജേഷ് ഉപാധ്യായയും പറഞ്ഞു.