
ന്യൂഡല്‍ഹി > രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത പൊലീസ് ഇരുട്ടില്‍ തപ്പുന്നു. രണ്ടുവര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസിന് കഴിഞ്ഞില്ല. ജെഎന്‍യു വിദ്യാര്‍ഥികളെ രാജ്യവിരുദ്ധരാക്കി സംഘപരിവാറിന്റെ നേതൃത്വത്തില്‍ വലിയ പ്രചരണം നടത്തിയ സംഭവത്തിലാണ് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തത്.
വ്യാജ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ഥികളെ കേസില്‍ക്കുടുക്കിയതെന്നതിന്റെ തെളിവാണിതെന്ന് കനയ്യ കുമാര്‍ പറഞ്ഞു. രാജ്യദ്രോഹകുറ്റം ചുമത്തി കനയ്യ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ ജാമ്യം നേടിയിരുന്നു. ജെഎന്‍യുവില്‍ 2016 ഫെബ്രുവരി ഒന്‍പതിന് നടന്ന പ്രതിഷേധ പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചാണ് കേസെടുത്തത്.
വസന്ത്കുഞ്ച് നോര്‍ത്ത് പൊലീസെടുത്ത കേസ് തീവ്രവാദ വിരുദ്ധ സ്പെഷ്യല്‍ സെല്ലിന് കൈമാറി. സീ ന്യൂസ് ചാനലിന്റെ ദൃശ്യങ്ങളും ചില മൊബൈല്‍ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. സീ ന്യൂസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ദൃശ്യങ്ങളില്‍ കൃത്രിമമായി ചേര്‍ത്തതാണെന്ന് വെളിപ്പെടുത്തി ചാനലിലെ വീഡിയോ എഡിറ്റര്‍ വിശ്വ ദീപക് രാജിവെച്ചതും വലിയ വിവാദമായി. സംഭവം കഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിട്ടിട്ടും കേസുമായി ബന്ധപ്പെട്ട കണ്ടെത്തല്‍ പുറത്തുവിടാന്‍ ഡല്‍ഹി പൊലീസിനു കഴിഞ്ഞിട്ടില്ല.
എന്തുകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കുന്നില്ലെന്ന ചോദ്യത്തോടും പൊലീസ് പ്രതികരിക്കുന്നില്ല. ചില അപരിചിതരുടെ പരാതിയിലാണ് തങ്ങള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതെന്ന് കനയ്യ കുമാര്‍ പറഞ്ഞു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നത് വ്യാജക്കേസാണ് ചുമത്തിയതെന്നതിന്റെ തെളിവാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ച് നടപ്പാക്കിയ കെണിയായിരുന്നു കേസെന്ന് കനയ്യകുമാര്‍ പറഞ്ഞു.
പത്ത് മാസങ്ങള്‍ക്കു മുമ്പ് 30 കുട്ടികളെ വിളിച്ചുവരുത്തി സ്പെഷ്യല്‍സെല്‍ മൊഴിയെടുത്തിരുന്നു. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ വിചാരണ തുടങ്ങാനായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള 15 വിദ്യാര്‍ഥികള്‍ക്കെതിരെ ജെഎന്‍യു അധികൃതരെടുത്ത അച്ചടക്ക നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കാനും പിഴ ഈടാക്കാനുമുള്ള സര്‍വകലാശാലയുടെ നടപടികളെ ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
ഉമര്‍ഖാലിദിനെ 2017 ഡിസംബര്‍വരെയും അനിര്‍ബന്‍ ഭട്ടാചാര്യയെ അഞ്ച് വര്‍ഷത്തേക്കുമാണ് സര്‍വകലാശാലയില്‍നിന്ന് പുറത്താക്കിയത്. ഉമര്‍ഖാലിദിന് 20000 രൂപയും കനയ്യ കുമാറിന് 10000 രൂപയും പിഴയും ചുമത്തി.